ഖത്തര്‍ ലോകകപ്പിന് ഇനി 100 നാള്‍; കിക്കോഫ് നവംബര്‍ 20ന്

(www.kl14onlinenews.com)
(12-Aug -2022)

ഖത്തര്‍ ലോകകപ്പിന് ഇനി 100 നാള്‍; കിക്കോഫ് നവംബര്‍ 20ന്
ദോഹ :
ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് ആരവം ഉയരാന്‍ ഇനി നൂറ് നാള്‍ മാത്രം. കിക്കോഫ് നവംബര്‍ 20ന് നടക്കും. നവംബര്‍ 20ന് ആദ്യ മത്സരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉദ്ഘാടനം ഒരു ദിവസം നേരത്തെയാക്കാനുള്ള നിര്‍ദേശത്തിന് ഫിഫ അംഗീകാരം നല്‍കുകയായിരുന്നു. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. 60,000 പേരെ ഉള്‍ക്കൊള്ളുന്ന ഖത്തറിലെ അല്‍ ബയ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. പ്രാദേശിക സമയം വൈകിട്ട് ഏഴ് മണിക്കാണ് ചടങ്ങ്. 

ആതിഥേയ രാജ്യത്തിന് ആദ്യ മത്സരം കളിക്കാന്‍ അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം. 2006 ലോകകപ്പ് മുതല്‍ ആതിഥേയ രാജ്യമാണ് ആദ്യ മത്സരം കളിക്കുന്നത്. ഈ സാഹചര്യത്തിലാണ് നേരത്തെ നിശ്ചയിച്ചിരുന്ന സെനഗല്‍-നെതര്‍ലന്‍ഡ്‌സ് മത്സരം മാറ്റിയത്. ഗ്രൂപ്പ് എയിലെ ഖത്തര്‍-ഇക്വഡോര്‍ മത്സരം കൂടാതെ ഗ്രൂപ്പ് ബിയിലെ ഇംഗ്ലണ്ടും ഇറാനും ഇതേ ദിവസം ഏറ്റുമുട്ടും. 

 ഞെട്ടിച്ച് ഫിഫ; ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതാ റഫറിമാരും

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ചരിത്രപരമായ ചുവടുവെപ്പുമായി ഫിഫ. ഖത്തര്‍ ലോകകപ്പില്‍ വനിതാ റഫറിമാരും മത്സരങ്ങള്‍ നിയന്ത്രിക്കും. മൂന്ന് വനിതാ റഫറിമാരും മൂന്ന് വനിതാ അസിസ്റ്റന്റ് റഫറിമാരും ലോകകപ്പിന്റെ ഭാഗമാകുമെന്ന് ഫിഫ പ്രസ്താവനയില്‍ അറിയിച്ചു.

ഫ്രാന്‍സില്‍ നിന്നുള്ള സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട്, റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംഗ, ജപ്പാന്റെ യോഷിമി യമഷിത, ബ്രസീലില്‍ നിന്നുള്ള അസിസ്റ്റന്റ് റഫറിമാരായ ന്യൂസ ബാക്ക്, മെക്‌സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസ് മദീന, അമേരിക്കക്കാരിയായ കാതറിന്‍ നെസ്ബിറ്റ് എന്നിവരെയാണ് ഫിഫ വിളിച്ചിരിക്കുന്നത്. ആകെ 36 റഫറിമാരെയും 69 അസിസ്റ്റന്റ് റഫറിമാരെയും 24 വീഡിയോ മാച്ച് ഒഫീഷ്യലുകളെയും ടൂര്‍ണമെന്റിനായി ഫിഫ തിരഞ്ഞെടുത്തിട്ടുണ്ട്. നവംബര്‍ 20ന് ആണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഡിസംബര്‍ 18ന് ആണ് കലാശപ്പോരാട്ടം. 

പുരുഷന്മാരുടെ ജൂനിയര്‍, സീനിയര്‍ ടൂര്‍ണമെന്റുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വനിതാ റഫറിമാരെ നിയമിച്ചിരുന്നു. പുതിയ തീരുമാനത്തോടെ വളരെക്കാലമായി ആലോചനയിലായിരുന്ന ഒരു തീരുമാനം യാഥാര്‍ഥ്യമായെന്ന് ഫിഫ റഫറി കമ്മിറ്റി ചെയര്‍മാന്‍ പിയര്‍ലൂജി കോളിന പറഞ്ഞു. ''വനിതാ റഫറിമാര്‍ ഫിഫ ലോകകപ്പിന് അര്‍ഹരാണ്. കാരണം തുടര്‍ച്ചയായി മികച്ച പ്രകടനമാണ് അവര്‍ കാഴ്ചവെയ്ക്കുന്നത്. അതാണ് ഞങ്ങള്‍ക്ക് പ്രധാന ഘടകം,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post