ഷാജഹാൻ വധക്കേസ്; കൊലയ്ക്ക് ശേഷം ബാറിലെത്തി മദ്യപിച്ചു; 'ആഹാരം പാഴ്‌സലായി വാങ്ങി'; പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്

(www.kl14onlinenews.com)
(17-Aug -2022)

ഷാജഹാൻ വധക്കേസ്;
കൊലയ്ക്ക് ശേഷം ബാറിലെത്തി മദ്യപിച്ചു; 'ആഹാരം പാഴ്‌സലായി വാങ്ങി'; പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്
പാലക്കാട്:
പാലക്കാട് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ വധക്കേസിൽ പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്. കൃത്യം നടത്തിയ ശേഷം സംഘം എത്തിയത് ചന്ദ്രനഗറിലെ ബാർ റെസ്റ്റോറന്റിലേക്കാണ്. മൂന്നാം പ്രതി നവീൻ ഉൾപ്പെടെയുള്ളവരാണ് ബാറിൽ എത്തിയത്. ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. അരമണിക്കൂറിലധികം നേരം പ്രതികൾ ബാറിൽ ചെലവഴിച്ചു.

മദ്യപിച്ച ശേഷമാണ് പ്രതികൾ ഇവിടെ നിന്നും മടങ്ങിയത്. ഷാജഹാൻ കൊല്ലപ്പെട്ടുവെന്ന് ഉറപ്പിച്ചതിന് പിന്നാലെ നഗരം വിടുകയും ചെയ്തു. ബാറിൽ നിന്നും ആഹാരം പാഴ്‌സലായി വാങ്ങിയ ശേഷമാണ് സംഘം മടങ്ങിയത്. 9.45 നാണ് കൊലപാതകം നടന്നതെന്ന് എഫ്‌ഐആറിൽ പറയുന്നത്. 10.03 നാണ് സംഘം ബാറിലെത്തിയത്. ഇവിടെ നിന്നാണ് ഇവർ മൂന്ന് സംഘങ്ങളായി പിരിഞ്ഞ് ഒളവിൽ പോയത്.

ശുചിമുറിയിലേക്കുള്ള ഭാഗത്ത് നിന്നാണ് സംഘം മദ്യപിക്കുന്നത്. നവീൻ അന്വേഷണ സംഘത്തിന്റെ പിടിയിലായതിന് പിന്നാലെയാണ് ബാറിലെത്തിയ വിവരം പോലീസിനോട് പറയുന്നത്. പിന്നാലെ അന്വേഷണ സംഘം ബാറിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കേസിൽ മുഴുവൻ പ്രതികളും പിടിയിലായിരുന്നു. കൊലപാതകത്തിന് ശേഷം ഇവർ മൂന്ന് സംഘങ്ങളായി മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിയിലും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കൃത്യം നടന്ന് 48 മണിക്കൂർ പിന്നിടും മുൻപാണ് കേസിലെ മുഴുവൻ പ്രതികളും പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയത്.

രണ്ട് പേർ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആദ്യം കാലിലും പിന്നീട് കൈക്കും വെട്ടിയ പ്രതികൾ ഷാജഹാൻ വീണതോടെ കഴുത്തിലും തലയിലും വെട്ടി. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ഷാജഹാനെ അക്രമിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.

Post a Comment

Previous Post Next Post