ഫ്‌ളാറ്റിലെ കൊലപാതകം: കര്‍ണാടകത്തിലേക്ക് കടക്കാനുള്ള ശ്രമം പാളി, പ്രതി കാസര്‍കോട്ട് പിടിയില്‍

(www.kl14onlinenews.com)
(17-Aug -2022)

ഫ്‌ളാറ്റിലെ കൊലപാതകം: കര്‍ണാടകത്തിലേക്ക് കടക്കാനുള്ള ശ്രമം പാളി, പ്രതി കാസര്‍കോട്ട് പിടിയില്‍
കൊച്ചി :
കൊച്ചി കാക്കനാട് ഇടച്ചിറയില്‍ ഫ്‌ളാറ്റിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് അതിര്‍ത്തിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. കര്‍ണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസിന്റെ നിര്‍ണായക നീക്കം. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് ഇയാളെ കുടുക്കിയത്.

ഇന്നലെ വൈകിട്ടാണ് ഇടച്ചിറയിലെ ഓക്‌സോണിയ ഫ്‌ളാറ്റില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ശരീരമാസകലം കുത്തേറ്റ് ഇരുപതിലേറെ മുറിവുകളുണ്ട്. ഇയാള്‍ക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന മൂന്ന് പേര്‍ കൊടൈക്കനാലിലായിരുന്നു. ഇവര്‍ ഞായറാഴ്ച രാത്രി വരെ സജീവുമായി ഫോണില്‍ സംസാരിച്ചിരുന്നു.

എന്നാല്‍ പിന്നീട് ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാതെ മെസ്സേജുകളിലൂടെ മാത്രമായി മറുപടി. ഇപ്പോള്‍ ഫ്‌ളാറ്റിലേക്ക് വരേണ്ടതില്ലെന്നും താന്‍ സ്ഥലത്തില്ലെന്നും ആവര്‍ത്തിച്ച് മെസ്സേജ് ലഭിച്ചതോടെ സുഹൃത്തുക്കള്‍ക്ക് സംശയം തോന്നി. മെസ്സേജുകളിലെ ഭാഷയും സംശയം ശക്തമാക്കി. ഇതോടെ ഫ്‌ളാറ്റിന്റെ കെയര്‍ ടേക്കറെ വിളിച്ച് മുറി പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പൈപ്പിന്റെ ഡെക്റ്റിനടിയില്‍ നിന്ന് മൃതദേഹം ലഭിച്ചത്.

Post a Comment

Previous Post Next Post