(www.kl14onlinenews.com)
(02-May -2022)
പെരുന്നാളിന്റെ പൊലിമ
✍🏼 ജൗഹർ അസ്‌നവി ഉദുമ
ശവ്വാലിന്റെ പൊന്നമ്പിളി പുഞ്ചിരി തൂകിയതോടെ വിശുദ്ധ റമളാനിന്ന് പരിസമാപ്തി കുറിച്ചിരിക്കുകയാണ്..!
ഇനിയുള്ള ഒരു ദിവസം അത് ആഘോഷിക്കാനുള്ളതാണ്.
അത് മുസ്ലിം ഉമ്മത്തിന് കനിഞ്ഞരുളപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്.
ഒരു പെരുന്നാൾ ദിനത്തിൽ രണ്ടു പെൺകുട്ടികൾ ദഫ് മുട്ടി പാട്ടു പാടുകയാണ്. അന്നേരം തിരു നബി (സ) തൊട്ടടുത്ത് പുതച്ചുമൂടി കിടക്കുന്നുണ്ടായിരുന്നു. അവിടേക്ക് കയറി വന്ന സിദ്ദീഖ് (റ) അത് തീരെ രസിച്ചിരുന്നില്ല. മഹാനായ തിരു നബി(സ) ചാരത്തിരുന്ന് ദഫ് മുട്ടി പാട്ട് പാടുകയോ..? അദ്ദേഹം അവരെ ശകാരിച്ചു.! തദവസരം തിരുനബി (സ) പറഞ്ഞു ; "അബൂബക്കറെ അവരെ വിട്ടേക്കുക.അവർ പാട്ടുപാടികൊള്ളട്ടെ. എല്ലാ സമുദായത്തിനും പെരുന്നാൾ ആഘോഷമുണ്ട് അതുകൊണ്ട് അവർ ആഘോഷിക്കട്ടെ."
പ്രിയ സഹോദരങ്ങളെ..
മുസ്ലിം ഉമ്മത്തിന് കനിഞ്ഞരുളപ്പെട്ട ഈ ആഘോഷം പുണ്യ കർമ്മങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് അനുവദനീയമായ വിനോദങ്ങളിലൂടെ മാത്രം ആഘോഷിക്കാൻ നാം സന്നദ്ധരാവണം.കേവലം വിനോദങ്ങളിലും ആർഭാടങ്ങളും ഏർപ്പെട്ടു കൊണ്ടല്ല നാം പെരുന്നാൾ ആഘോഷിക്കേണ്ടത്.
പെരുന്നാളിന്റെ പ്രത്യേക ചിഹ്നമാണല്ലോ "തക്ബീർ." വ്യാപകമായ തക്ബീറിന്റെ മന്ത്രധ്വനികൾ ഭംഗിയോടെ ഉരുവിട്ടു കൊണ്ട് സൃഷ്ടാവിനെ മഹത്വവൽക്കരിച്ച് കൊണ്ടേയിരിക്കണം.
അതുപോലെതന്നെ ചെയ്ത കർമ്മങ്ങളൊക്കെ അള്ളാഹു ഖബൂൽ ചെയ്യണമേ എന്ന ഉത്ക്കടമായ ആഗ്രഹത്തോടെ പാവങ്ങൾക്ക് അന്നം നൽകി കൊണ്ടുമാണ് പെരുന്നാൾ ആഘോഷിക്കേണ്ടത്.
റമദാനിലെ അവസാന പകലിലെ സൂര്യാസ്തമയത്തോടെ നൽകണമെന്ന് കൽപ്പിക്കപ്പെട്ട ഫിത്വർ സകാത്ത് കൊണ്ട് അതാണ് ലക്ഷ്യമാക്കുന്നത്.
നിസ്കാരത്തിന് സഹ് വിന്റെ സുജൂദിലെ സ്ഥാനമാണ് റമളാൻ നോമ്പിന് ഫിത്വർ സകാത്ത്. നിസ്കാരത്തിലുണ്ടാകുന്ന ന്യൂനതകൾ സഹ വിന്റെ സുജൂദ് കൊണ്ട് പരിഹരിക്കുന്നത് പോലെ റമളാൻ നോമ്പിലെ ന്യൂനതകൾ ഫിത്വർ സകാത്ത് കൊണ്ട് പരിഹരിക്കപ്പെടും. അതുപോലെ തന്നെ സമുദായത്തിലെ ഏതെങ്കിലുമൊരു വ്യക്തി ഭക്ഷണത്തിനു വകയില്ലാതെ പട്ടിണി കിടക്കരുത് പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണമായി കൊണ്ടാണ് ഫിത്വർ സകാത്ത് നിർബന്ധമാക്കിയിരിക്കുന്നത്.ഫിത്വർ സകാത്ത് കഴിഞ്ഞാൽ എന്തെങ്കിലും ലഘു ഭക്ഷണം കഴിച്ച് പെരുന്നാൾ നിസ്കാരത്തിന് പുറപ്പെടണം.
നോമ്പ് പൂർത്തിയാക്കിയതിലെ സമ്പൂർണ്ണ വിജയത്തിന്റെയും പെരുന്നാൾ ആഘോഷത്തിന്റെയും ഭാഗങ്ങളിൽ പെട്ട ഒന്നാണ് പെരുന്നാൾ നിസ്കാരം വിശുദ്ധ ഖുർആനിന്റെ പരാമർശത്തിൽ നമുക്ക് കാണാം "തീർച്ചയായും സകാത്ത് നൽകിക്കൊണ്ട് പരിശുദ്ധി നേടുകയും തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നിസ്കാരം നിർവഹിക്കുകയും ചെയ്തവൻ വിജയം വരിച്ചു. (സൂറത്തു അഅലാ 14-15)
ഈ ആയത്തിനെ സംബന്ധിച്ച് തിരുനബി യോട് ചോദിച്ചപ്പോൾ ആയത്തിലെ പ്രസ്തുത വാക്യം അഥവാ (സകാത്ത് നൽകുക) എന്നുള്ളത് ഫിത്വർ സകാത്തിനെ കുറിച്ച് അവതരിച്ചതാണെന്ന് തിരുനബി (സ) തങ്ങൾ മറുപടി പറഞ്ഞതായി ഇബ്നു ഖുസൈമ(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.
തുടർന്ന് പ്രദേശത്തെ സഹോദരന്മാരോടൊത്തു ജമാഅത്തായി നിസ്കരിച്ച് ഖുതുബയും കഴിഞ്ഞ് പരസ്പരം സ്നേഹാശംസകൾ നേർന്ന് എല്ലാ കുടുംബങ്ങളെയും അയൽവാസികളെയും സ്നേഹ ജനങ്ങളെയും സന്ദർശിച്ച് സന്തോഷം പങ്കിടുക. പെരുന്നാളിന്റെ ദിനത്തിലെ മഹത്തായ ഭക്ത്യാദരവുകൾക്ക് തടസ്സങ്ങൾ ഉണ്ടാക്കാതെ നിർബന്ധിത കാര്യങ്ങൾ മുടക്കാതെ ഹറാം കലരാത്ത വിനോദങ്ങളിൽ ഏർപ്പെട്ട് പെരുന്നാളിനെ ആഘോഷമാക്കുക.
Post a Comment