(www.kl14onlinenews.com) (Feb-03-2022)
കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. സുരേഷിന്റെ പ്രതികരണശേഷി മെച്ചപ്പെട്ടു വരുന്നതായാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ഇന്നും നാളെയും ഏറെ നിര്‍ണായകമാണെന്നാണ് ലഭിക്കുന്ന വിവരം.
നേരിയ ആരോഗ്യപുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും സുരേഷ് വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തസമ്മര്‍ദവുമെല്ലാം സാധരണ നിലയിലാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാര്‍ ഇന്നലെ അറിയിച്ചിരുന്നു. അടുത്ത ഏഴ് ദിവസം കൂടി അന്റിവെനം അടക്കമുള്ള ചികിത്സാനടപടികള്‍ തുടരും.
കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിനെ തിങ്കളാഴ്ച വൈകുന്നേരമാണ് മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പിടികൂടിയ മൂർഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്. തുടയിൽ കടിച്ചുപിടിച്ച പാമ്പിനെ വാവ സുരേഷ് വലിച്ച് വേർപെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ വാവ സുരേഷ് ബോധരഹിതനായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇത് മൂന്നാം തവണയാണ് പാമ്പുകടിയേറ്റ് സുരേഷ് ഗുരുതരാവസ്ഥയിലാകുന്നത്.
إرسال تعليق