(www.kl14onlinenews.com) (Feb-02-2022)
കാസർകോട് :
കാസർകോട് എയിംസ് നിരാഹാര സമര പന്തലിൽ ഇന്ന് ദായഭായീ
ഉപവാസമിരിക്കും
ആരാണ് ദയാഭായി ?
78 വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലായിലെ പൂവരണിയില്‍ ജനിച്ച് പതിനാറാം വയസ്സില്‍ ജന്മ നാട് വിട്ട മേഴ്‌സി മാത്യു എന്ന ആദിവാസികള്‍ക്കിടയിലെ സാമൂഹിക പ്രവര്‍ത്തക!
കേരള ജനത തിരസ്ക്കരിക്കുമ്പോള്‍ ലോക ജനത ആദരിക്കുന്ന ഇവര്‍ ആരെന്നു നാം അറിയുന്നില്ല.......
നിയമ ബിരുദമെടുത്ത് മുംബൈയിലെ വിഖ്യാതമായ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്ന് എം.എസ്.ഡബ്ല്യുവും പഠിച്ചിറങ്ങിയ വ്യക്തി...
വര്‍ഷത്തിന്റെ പാതിയും യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രശസ്ത യൂണിവേഴ്‌സിറ്റികളിലെ വിസിറ്റിങ് പ്രൊഫസര്‍...
ആദിവാസികളുടെ ഉന്നമനത്തിനായി കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി മധ്യപ്രദേശിലെ ബറൂള്‍ എന്ന വിദൂര ഗ്രാമത്തില്‍ ജീവിക്കുന്ന ദയാബായി
ഫാ. വടക്കന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാനാണ് ഒരിക്കല്‍ കേരളത്തിലേക്കു വന്നത്. അവാര്‍ഡ് ചടങ്ങു കഴിഞ്ഞ് മറ്റൊരു പരിപാടിയിലും പങ്കെടുത്ത് പോലീസ് അകമ്പടിയോടെ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കയറിയ ഈ ദേശീയ മനുഷ്യാവകാശപ്രവര്‍ത്തകയെ തിരിച്ചറിയാന്‍ യാത്രക്കാര്‍ക്കോ ബസ് ജീവനക്കാര്‍ക്കോ കഴിഞ്ഞില്ല.ആലുവയില്‍ തനിക്കിറങ്ങേണ്ട സ്‌റ്റോപ്പെത്തിയോ എന്ന് ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് കണ്ടക്ടര്‍ മുരണ്ടത്.
''നിനക്കു ഞാനല്ലേടീ ടിക്കറ്റ് തന്നത്'' എന്നു ചോദിച്ചുകൊണ്ടായിരുന്നു 75 വയസ്സുള്ള ദയാബായിയോട് കണ്ടക്ടര്‍ തട്ടിക്കയറിയത്. പിന്നീട് വാതിലിനടുത്തേക്കു നീങ്ങിയ അവരെ ''അതവിടെ നില്ക്കട്ടെ'' എന്നു പറഞ്ഞ് പരിഹസിക്കുകയും ചെയ്തു.
''അത്, ഇത് എന്നൊന്നും വിളിക്കരുത്. മനുഷ്യരോടു പെരുമാറുന്ന മാന്യതയോടെ സംസാരിക്കൂ'' എന്ന അവരുടെ മറുപടിയില്‍ രോഷം കൊണ്ട് ''ഇറങ്ങെടീ മൂധേവി. വയസ്സ് കണക്കാക്കിയാണ്... അല്ലെങ്കില്‍ ഞാന്‍...'' എന്നിങ്ങനെ ഉറക്കെ ആക്ഷേപിച്ചുകൊണ്ടാണ് ഇറക്കിവിട്ടത്.
''വാതില്‍ ആഞ്ഞടച്ച് ബസ് വിട്ടുപോയപ്പോള്‍ ഉള്ളില്‍ തികട്ടിവന്ന കരച്ചിലടക്കി നിന്ന എന്റെയടുത്തേക്ക് തെരുവിലെ ചില പാവം കച്ചവടക്കാര്‍ വന്ന് എന്താണു സംഭവിച്ചതെന്ന് അനുകമ്പയോടെ ചോദിച്ചു. എനിക്കു മറുപടിപറയാനായില്ല." അവർ പറയുന്നു.
കേരളം വീണ്ടും വീണ്ടും എന്റെ വേഷത്തിലേക്കു കൈചൂണ്ടിപ്പറയുന്നു, നീ വെറും നാലാംകിട സ്ത്രീ, നികൃഷ്ടയായ മനുഷ്യജീവി. അന്നേരം ഞാനോര്‍ത്തതു മറ്റൊന്നാണ്. കേരളത്തില്‍ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂലിവേലചെയ്യുന്നുണ്ട്. കാഴ്ചയില്‍ അവരും ഞാനും ഒരു പോലെയാണ്. പഠിപ്പില്ലാത്തവര്‍, നിറംമങ്ങിയ തുണിയുടുത്തവര്‍, ഭാഷയുടെ നാട്യമില്ലാത്തവര്‍... അവരെല്ലാം എത്ര അപമാനം സഹിച്ചാവും ഇവിടെ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നത്.
വര്‍ഷത്തിന്റെ പാതിയും യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രശസ്ത യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിങ് പ്രൊഫസറായി വിദ്യാര്‍ഥികളെയും വിദ്യാഭ്യാസവിചക്ഷണരെയും അഭിസംബോധനചെയ്യുന്ന അവരെ അവിടെയാരും വിലകുറഞ്ഞ പരുത്തിസാരിയുടെയും കാതിലും കഴുത്തിലുമണിയുന്ന ഗോത്രമാതൃകയിലുള്ള ആഭരണങ്ങളുടെയുംപേരില്‍ കുറച്ചുകണ്ടിട്ടില്ല.
നിയമബിരുദമെടുത്ത് മുംബൈയിലെ വിഖ്യാതമായ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍നിന്ന് എം.എസ്.ഡബ്ല്യുവും പഠിച്ചിറങ്ങിയ മേഴ്‌സി മാത്യു എന്ന സാമൂഹികപ്രവര്‍ത്തക ലോകമെമ്പാടും ആദരിക്കപ്പെടുന്ന വ്യക്തിയാണ്. അവരെ തിരിച്ചറിയാത്തത് അവര്‍ക്കു ജന്മംനല്കിയ കേരളം മാത്രമാണ്.
യഥാര്‍ഥത്തില്‍ ആരാണ്, കാട്ടിലെ മരംപോലെ പരുക്കന്‍ പുറംതോടും അരുവിപോലെ സ്‌നേഹത്തിന്റെ കുളിര്‍ജലമൂറുന്ന മനസ്സും കാത്തുസൂക്ഷിക്കുന്ന ഈ സ്ത്രീ?
കോട്ടയം ജില്ലയില്‍ പാലായിലെ പൂവരണിയില്‍ ജനിച്ച മേഴ്‌സി 16ാം വയസ്സില്‍ സാമൂഹികസേവനമെന്ന ലക്ഷ്യവുമായി വടക്കേ ഇന്ത്യയിലെ ഒരു മഠത്തില്‍ ചേര്‍ന്നു. ഒരു ക്രിസ്മസ് രാവില്‍ ആഘോഷങ്ങള്‍ അലയിടുന്ന മഠത്തിന്റെ ഗേറ്റിനുപുറത്ത് വിരുന്നിന്റെ അവശിഷ്ടങ്ങള്‍ക്കായി കൊടുംതണുപ്പില്‍ കാത്തുനില്ക്കുന്ന പാവപ്പെട്ട മനുഷ്യരെയും അവരുടെ കുഞ്ഞുങ്ങളെയും ജനാലയിലൂടെക്കണ്ട് ഹൃദയം തകര്‍ന്നുപോയ മേഴ്‌സി മദര്‍ സുപ്പീരിയറോടു കരഞ്ഞുപറഞ്ഞു:
''എന്നെ പോകാനനുവദിക്കൂ. ആ പാവങ്ങള്‍ക്കിടയിലാണ് എന്റെ സ്ഥാനം. അവരുടെയിടയിലാണ് ക്രിസ്തുവുള്ളത്.''
പിന്നീടുള്ള മേഴ്‌സി മാത്യുവിന്റെ ജീവിതം ചരിത്രമാണ്. ബിഹാര്‍, ഹരിയാണ, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ആദിവാസികള്‍ക്കും അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുമിടയില്‍ ദീര്‍ഘവര്‍ഷങ്ങള്‍ സേവനംചെയ്ത അവര്‍ ബംഗ്ലാദേശിലെ യുദ്ധഭൂമിയിലുമെത്തി. പരിക്കേറ്റ മനുഷ്യരെ ശുശ്രൂഷിച്ചും ചിതറിക്കിടന്ന ശവശരീരങ്ങള്‍ തോളിലേറ്റി മറവുചെയ്തും മനുഷ്യരുടെ മനുഷ്യത്വത്തിന്റെ ഓരം പറ്റി ജീവിതം ഉഴിഞ്ഞുവച്ചു!!..
40വര്‍ഷമായി മധ്യപ്രദേശിലെ ചിന്ത്‌വാഡ ജില്ലയിലെ തിന്‌സായിലും ബറൂള്‍ എന്ന ആദിവാസിഗ്രാമത്തിലുമാണ് അവരുടെ ജീവിതം. ആദ്യമായി ആ ഗ്രാമത്തില്‍ പോയപ്പോള്‍ ''നീയാരാണ്? എന്തിനിവിടെ വന്നു? ഞങ്ങള്‍ കാട്ടിലെ കുരങ്ങന്മാരാണ്'' എന്ന് ആത്മനിന്ദയോടെ പറഞ്ഞ ഊരുമൂപ്പന്റെ വാക്കുകളാണ് ഇന്നത്തെ വേഷമണിയാന്‍ ദയാബായിയെ പ്രേരിപ്പിച്ചത്.
''അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ ആദ്യം അവരുടെ വിശ്വാസം നേടണം. നഗരവാസികളെ ആദിവാസികള്‍ക്കു ഭയമാണ്. അവരുടെ വിശ്വാസം നേടാന്‍ ഞാന്‍ അവരുടെ വേഷം ധരിച്ചു. അവരുടെ ആഭരണങ്ങളണിഞ്ഞു. അവരെപ്പോലെ മണ്‍വീട് സ്വയം കെട്ടിയുണ്ടാക്കി അതിലുറങ്ങി. അവരുടെകൂടെ പാടങ്ങളില്‍ പണിയെടുത്തു. അവരുണ്ണുന്നതെന്തോ അതുമാത്രമുണ്ടു.''
ഒടുവില്‍ ആ പാവങ്ങള്‍ തിരിച്ചറിഞ്ഞു. പിന്നീടവര്‍ വിളിക്കുന്നത് ഭായി എന്നാണ്, ദയാഭായി.
(Kadappad)
إرسال تعليق