ആദായ നികുതി റിട്ടേണ്‍ തിരുത്തി സമര്‍പ്പിക്കാം; സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കും

(www.kl14onlinenews.com) (Feb-01-2022)

ആദായ നികുതി റിട്ടേണ്‍ തിരുത്തി സമര്‍പ്പിക്കാം; സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കും

ഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. ബജറ്റ് അവതരണം ഒന്നരമണിക്കൂര്‍ നിണ്ടു നിന്നു. എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജ്ജവും സാധ്യമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ധനമന്ത്രി. അടുത്ത 25 വര്‍ഷത്തേക്ക് 30 ലക്ഷം കോടി തൊഴില്‍ അവസരം സൃഷ്ടിക്കുമെന്നും ധനമന്ത്രിയുടെ വാഗ്ദാനം. എല്‍ഐഎസി താമസിക്കാതെ തന്നെ സ്വകാര്യവത്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ബജറ്റില്‍ നാല് കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. പിഎം ഗതിശക്തി പദ്ധതി, എല്ലാവരുടേയും വികസനം, ഉല്‍പാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നിവയാണ് ബജറ്റില്‍ ഊന്നല്‍ നല്‍കുന്ന കാര്യങ്ങള്‍.

ആദായ നികുതി റിട്ടേണ്‍ പരിഷ്കരിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തെറ്റുകള്‍ തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ രണ്ട് വര്‍ഷത്തെ സാവകാശം അനുവദിക്കും. റിട്ടേണ്‍ അധിക നികുതി നല്‍കി മാറ്റങ്ങളോടെ ഫയല്‍ ചെയ്യാമെന്നും മന്ത്രി. സഹകരണ സംഘങ്ങളുടെ കുറഞ്ഞ നികുതി 15 ശതമാനമാക്കി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) നിക്ഷേപങ്ങളില്‍ 14 ശതമാനം വരെ നികുതിയിളവ്.
ആദായ നികുതി സ്ലാബില്‍ മാറ്റമുണ്ടായിരിക്കില്ല, നിലവിലെ രീതിയില്‍ തുടരും. കോര്‍പ്പറേറ്റ് സര്‍ചാര്‍ജില്‍ ഇളവ് വരുത്തി. 12 ശതമാനമായിരുന്നത് ഏഴ് ശതമാനമായി കുറച്ചു. ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തി. ജി എസ് ടിയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായതെന്ന് ധനമന്ത്രി അവകാശപ്പെട്ടു. ചരക്കു സേവന നികുതി വഴി ജനുവരിയില്‍ 1.40 ലക്ഷം കോടി രൂപ ലഭിച്ചു. ജി എസ് ടി ഏര്‍പ്പെടുത്തിയതിന് ശേഷം ഒരു മാസം ലഭിക്കുന്ന ഉയര്‍ന്ന വരുമാനമാണിതെന്നും ധനമന്ത്രി.
യുവാക്കള്‍, സ്ത്രീകള്‍, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി. കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ പ്രോത്സാഹിപ്പിക്കും. താങ്ങുവില നല്‍കുന്നതിനായി 2.37 ലക്ഷം കോടി രൂപ മാറ്റി വയ്ക്കും. കര്‍ഷകര്‍ക്ക് പിന്തുണയ്ക്കായി കിസാന്‍ ഡ്രോണുകള്‍. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തി.
ചെറുകിട ഇടത്തരം മേഖലകള്‍ക്കായി രണ്ട് ലക്ഷം കോടി രൂപ അനുവദിച്ചു. അഞ്ച് നദികളെ സംയോജിപ്പിക്കുന്നതിനായി പദ്ധതി ആവിഷ്കരിച്ചു. മലയോര മേഖലയുടെ വികസനം ലക്ഷ്യമാക്കി പര്‍വത് മാലാ പദ്ധതി.
വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഓരോ ക്ലാസിനും പ്രത്യേകം ചാനലുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി. 1-12 വരെയുള്ള ക്ലാസുകള്‍ക്കായിരിക്കും പ്രത്യേകം ചാനലുകള്‍. രണ്ട് ലക്ഷം അംഗനവാടികള്‍ ആധുനീകരിക്കുമെന്നും മന്ത്രി. ഡിജിറ്റല്‍ സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കാനും തീരുമാനം.
സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനായി മൂന്ന് പദ്ധതികള്‍. മിഷന്‍ ശക്തി, മിഷന്‍ വാത്സല്യ, പോഷണ്‍ 2.0 എന്നിവയാണ് പദ്ധതികള്‍. ഒരു ഭൂമി ഒരു രജിസ്ട്രേഷൻ പദ്ധതി നടപ്പാക്കും. 5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഈ വര്‍ഷം മുതല്‍ സമ്പൂര്‍ണമാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി. 5 ജി സ്പെക്ട്രം ലേലം ഈ വര്‍ഷമുണ്ടാകും. സ്വകാര്യ കമ്പനികള്‍ക്ക് 5 ജി ലൈസന്‍സ് നല്‍കും. ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും.

ബജറ്റിനു കേന്ദ്ര മന്ത്രിസഭ രാവിലെ അംഗീകാരം നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിര്‍മല സീതാരാമന്‍, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും മറ്റ് മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. നേരത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ മന്ത്രി സന്ദര്‍ശിച്ചിരുന്നു.
2022-23 സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥ 8.0-8.5 ശതമാനമായി വളരുമെന്നാണ് ധനമന്ത്രി ഇന്നലെ സമര്‍പ്പിച്ച സാമ്പത്തിക സർവേയിലെ പ്രവചനം. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 9.2 ശതമാനം വരെയാകുമെന്ന നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) കണക്കുമായി താരതമ്യപ്പെടുത്തിയാണ് പ്രവചനം.
2020-21 ൽ 7.3 ശതമാനമായി ചുരുങ്ങിയതിന് ശേഷം 2021-22 ൽ ജിഡിപി 11 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന് കഴിഞ്ഞ വർഷത്തെ സർവേ പ്രവചിച്ചിരുന്നു. ഈ വർഷത്തെ വളർച്ച കുറഞ്ഞ അടിസ്ഥാന വർഷ സാമ്പത്തിക ഉൽപ്പാദനത്തിലാണ് വരുന്നതെങ്കിലും, അടുത്ത വർഷത്തെ വിപുലീകരണം സാമ്പത്തിക ഉൽപ്പാദനത്തിലെ വീണ്ടെടുക്കൽ നിലവാരത്തിൽ നിന്ന് കാണേണ്ടതുണ്ട്.

Post a Comment

Previous Post Next Post