(www.kl14onlinenews.com) (03-Sept-2021)
ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേയൊരു ജീവിയാണ് പശു- അലഹബാദ് ഹൈക്കോടതി ജഡ്ജി
പ്രയാഗ്രാജ്:
ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ തന്നെ പുറത്തുവിടുന്ന ഒരേ ഒരു ജീവി പശുവാണെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി. പശുവിനെ ഇന്ത്യയുടെ 'ദേശീയ മൃഗം' ആയി പ്രഖ്യാപിക്കണമെന്ന് നിർദേശിച്ച ജസ്റ്റിസ് ശേഖർ കുമാർ യാദവ് ആണ് ഈ അഭിപ്രായപ്രകടനവും നടത്തിയിരിക്കുന്നത്. പശുവിനെ കശാപ്പ് ചെയ്ത പ്രതിക്ക് ജാമ്യം നിഷേധിച്ച അതേ ഉത്തരവിന്റെ തന്നെ പകർപ്പിലാണ് ഈ പരാമർശവുമുള്ളത്.
യജ്ഞങ്ങൾ നടക്കുന്ന സമയത്ത് പശുവിൻ പാലിൽ നിന്നുണ്ടാക്കുന്ന നെയ്യ് ഉപയോഗിക്കുന്നത് ഇന്ത്യയിലെ ഒരു ആചാരമാണെന്ന് ഉത്തരവിൽ പറയുന്നു. ഇത് സൂര്യപ്രകാശത്തിന് പ്രത്യേക ഊർജ്ജം നൽകുന്നു. ഇത് ആത്യന്തികമായി മഴയ്ക്ക് കാരണമാകുന്നതായും ഉത്തരവിൽ പറയുന്നു. പശുവിന്റെ പാൽ, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവകൊണ്ട് നിർമ്മിക്കുന്ന പഞ്ചഗവ്യം ഭേദമാക്കാനാവാത്ത നിരവധി രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്നുവെന്നും കോടതി ഉത്തരവിൽ ജഡ്ജി പറയുന്നു.
ഒരു പശു തന്റെ ജീവിതകാലത്ത് 400-ൽ അധികം മനുഷ്യർക്ക് പാൽ നൽകുന്നുണ്ടെന്നും എന്നാൽ അതിന്റെ മാംസം 80 പേർക്ക് മാത്രമെ ഭക്ഷണമാകുന്നുള്ളുവെന്നും ആര്യസമാജ സ്ഥാപകൻ ദയാനന്ദ് സരസ്വതിയെ ഉദ്ധരിച്ച് ജസ്റ്റിസ് യാദവ് പറഞ്ഞു. പശുവിനെയോ കാളയേയോ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിനു തുല്യമാണെന്ന് യേശുക്രിസ്തു പറഞ്ഞതായും ജഡ്ജി ഉത്തരവിൽ പറയുന്നു.
പശുവിന്റെ നിലനിൽപ്പ് ഇന്ത്യൻ സംസ്കാരത്തിന്റെ അവിഭാജ്യഘടകമായതിനാൽ ബീഫ് കഴിക്കുന്നത് ഒരു പൗരന്റെയും മൗലികാവകാശമായി കണക്കാക്കാനാകില്ല. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ പാർലമെന്റ് ഒരു നിയമം കൊണ്ടുവരണമെന്നും അതിനെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ആളുകളെ അതിൽ നിന്നും പിന്തിരിപ്പിക്കണമെന്നും 12 പേജുള്ള ഉത്തരവിൽ ജസ്റ്റിസ് ശേഖർ കുമാർ യാദവ് നിർദ്ദേശിച്ചു. ഉത്തർപ്രദേശിലെ സംഭാലിൽ നിന്നുള്ള ഗോവധം ആരോപിക്കപ്പെട്ട പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് ജഡ്ജിയുടെ ഉത്തരവ്.
പശുവിന്റെ തനതായ ശ്വസന പ്രക്രിയയെക്കുറിച്ചും മറ്റ് അസാധാരണ ഗുണങ്ങളെക്കുറിച്ചുമുള്ള ജസ്റ്റിസ് യാദവിന്റെ നിരീക്ഷണങ്ങൾ, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ 2019ലെ പ്രസ്താവനയെ ഓർമ്മിപ്പിക്കുന്നതാണ്. മറ്റ് സസ്തനികളിൽ നിന്ന് വ്യത്യസ്തമായി, പശു അത് ശ്വസിക്കുന്ന കാർബൺ ഡൈ ഓക്സൈഡിനെക്കാൾ കൂടുതൽ ഓക്സിജൻ പുറന്തള്ളുന്നു എന്നായിരുന്നു ത്രിവേന്ദ്ര സിങ് അന്ന് പറഞ്ഞത്.
Post a Comment