ഞാണങ്കൈ വളവിൽ കെ.എസ്.ആർ.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ചു; ദേശീയപാതയിൽ മൂന്നരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

(www.kl14onlinenews.com) (04-Sept-2021)

ഞാണങ്കൈ വളവിൽ കെ.എസ്.ആർ.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ചു;
ദേശീയപാതയിൽ മൂന്നരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു
ചെറുവത്തൂർ:
ദേശീയപാതയിൽ ഞാണങ്കൈ വളവിൽ കെ.എസ്.ആർ.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് പത്തുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം.
പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനങ്ങളിലുണ്ടായിരുന്നവരും ചേർന്ന് തൊട്ടടുത്ത സ്വാകര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ കം കണ്ടക്ടറായ കാഞ്ഞിരടുക്കത്തെ പി.എം. ഫ്രാൻസിസ് (52), ആലക്കോട്ടെ എം.ജെ. ടോമി (50), യാത്രക്കാരായ പിലിക്കോട്ടെ കെ.വി. സബിത (40), പറശ്ശിനിക്കടവിലെ കെ. ചന്ദ്രഹാസ് (39), കോടോം-ബേളൂർ വയന്പിലെ ബി. കുഞ്ഞമ്പു (54), ദേലംപാടിയിലെ കെ.എ. മൂസ (57), മലപ്പുറത്തെ ഉമ്മർ മുസ്‌ലിയാർ (40), ലോറിഡ്രൈവർമാരായ മധ്യപ്രദേശ് ധർമപുരി സ്വദേശികളായ രാധേശ്യാം വർമ (52), സുഖദേവ് ബറാഗി (40), ക്ലീനർ രാതു (38) എന്നിവർക്കാണ് പരിക്ക്.

പത്തനംതിട്ടയിൽനിന്ന്‌ കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസും മധ്യപ്രദേശിൽനിന്ന്‌ കൊച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുലോറിയുമാണ് അപകടത്തിൽപെട്ടത്. ആസ്പത്രിയിലേക്കുള്ള ചികിത്സാസംബന്ധമായ സാധനങ്ങളാണ് ലോറിയിലുണ്ടായിരുന്നത്.

ബസിൽ യാത്രക്കാർ കുറവായത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഡ്രൈവർ കം കണ്ടക്ടർ ഉൾപ്പെടെ ബസിലുണ്ടായിരുന്ന ഒൻപതിൽ ഏഴുപേർക്കും പരിക്കുണ്ട്. വിവരമറിഞ്ഞെത്തിയ ചന്തേര പോലീസും തൃക്കരിപ്പൂരിലെ അഗ്നിരക്ഷാസേനാവിഭാഗം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ മൂന്നരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. കോട്ടപ്പുറം- അച്ചാംതുരുത്തി, പടന്ന, കുഴിഞ്ഞൊടി-പിലിക്കോട് തോട്ടം, കയ്യൂർ-ചെമ്പ്രകാനം റോഡുകളിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടു.

Post a Comment

أحدث أقدم