നോമ്പ് തുറയും തുറപ്പിക്കലും

(www.kl14onlinenews.com) (26-Apr-2020)

നോമ്പ് തുറയും തുറപ്പിക്കലും

✍️ എം എം മയ്യളം

നോമ്പ് വിശ്വാസിക്കു നേടിക്കൊടുക്കുന്ന പുണ്യങ്ങള്‍ അനവധിയാണ്.  അവയില്‍ പ്രധാനമാണ് നോമ്പ്തുറയും മറ്റുള്ളവരെ തുറപ്പിക്കലും. നോമ്പുതുറ എങ്ങനെയാണ് പുണ്യമാകുന്നതെന്നല്ലേ. തിരുനബി(സ്വ) പറഞ്ഞു: നോമ്പുകാരന് രണ്ടു സന്തോഷമുണ്ട്. നോമ്പ് തുറക്കുന്ന സന്ദര്‍ഭത്തിലാണ് ഒന്നാമത്തേത്. മറ്റൊന്ന് രക്ഷിതാവിനെ കണ്ടുമുട്ടുന്ന സമയത്തും (ബുഖാരി, മുസ്ലിം, മിശ്കാത്ത് 1/214).

ഹദീസില്‍ പറഞ്ഞ ഒന്നാമത്തെ ആനന്ദം നോമ്പുതുറയാണ്. കേവലം ഒരു ചടങ്ങ് എന്നതിനപ്പുറം ആത്മീയമായ മാനങ്ങള്‍ നിറഞ്ഞ ശുഭമുഹൂര്‍ത്തമാണത്. താന്‍ ഇലാഹീ പ്രീതിക്കായി നോമ്പനുഷ്ഠിച്ചു, വികാര-വിചാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടു, നോമ്പു പൂര്‍ത്തിയാക്കി, ഇതെല്ലാം ദൈവപ്രീതിക്കു വേണ്ടി മാത്രമാണ്. സമര്‍പ്പണത്തിന്‍റെ പാരമ്യമാണ്. അതിനാല്‍ അവന് നിറഞ്ഞ സന്തോഷത്തിനവസരമുണ്ട്.

ഭൗതികമായി ചിന്തിച്ചാലും നോമ്പ്തുറക്ക് ഏറെ ഗുണങ്ങളുണ്ട്. ആഹാരപാനീയങ്ങള്‍ക്ക് വാതില്‍ തുറക്കുന്നു. ഇതുവരെ ഉണങ്ങി നിന്നിരുന്ന കക്കും കരളും ഇനി നനവേറ്റ് കുളിരണിയുകയാണ്. ഭോജനം ആഘോഷത്തിന്‍റെ ആഗോള പ്രതീകമാണ്. ആ അര്‍ത്ഥത്ഥത്തില്‍ തനിക്ക് ആഹരിക്കാന്‍ വകുപ്പുണ്ട്. ഇങ്ങനെ കേവലം സാധാരണമായ ഒരു ചിന്തയും വികാരവും തെറ്റൊന്നുമല്ല. കാരണം, ഒരു ഇബാദത്തിന്‍റെ സമ്പൂര്‍ത്തീകരണമായ ഭോജനമാണിത്. അത് മറ്റൊരു ഇബാദത്ത് തന്നെ. അത് കൊണ്ടാണല്ലോ നോമ്പ് തുറക്കാന്‍ സമയമായാല്‍ പിന്നെ പിന്തിക്കരുതെന്ന് ഇസ്ലാം പഠിപ്പിച്ചത്. സഹ്ലുബ്നു സഅ്ദ്(റ)വില്‍ നിന്ന് ഉദ്ധരണം. നബി(സ്വ) പറഞ്ഞു: നോമ്പു തുറക്കാന്‍ സമയമായെന്നുറപ്പായാല്‍ പെട്ടെന്ന് തുറക്കുന്നത് ജനങ്ങള്‍ക്ക് നന്മവരുത്തുന്നതാണ് (ബുഖാരി, മുസ്ലിം).

മറ്റൊരു വചനം ശ്രദ്ധിക്കുക: അല്ലാഹു പറഞ്ഞിരിക്കുന്നു; എന്‍റെ ദാസന്മാരില്‍ നിന്ന് ഞാനേറ്റവും ഇഷ്ടപ്പെടുന്നത് കൃത്യസമയത്ത് നോമ്പുതുറക്കുന്നവരെയാണ് (തിര്‍മുദി). നബിമാരുടെയെല്ലാം പതിവ് ഇതായിരുന്നു (ബൈഹഖി). സ്വഹാബിമാര്‍ സമയമായാല്‍ നോമ്പുതുറ വൈകിപ്പിക്കുമായിരുന്നല്ല (ബൈഹഖി).

 
✍️അബ്ദുൽ ഹമീദ് എം എം മയ്യളം.


Post a Comment

أحدث أقدم