ഉറങ്ങിക്കിടന്ന നായിഫ് വീണ്ടും സജീവമാകുന്നു; രോഗമുക്തരെ കയ്യടിച്ചു വരവേറ്റ് സന്നദ്ധപ്രവർത്തകർ

(www.kl14onlinenews.com) (23-Apr-2020)

ഉറങ്ങിക്കിടന്ന നായിഫ് വീണ്ടും സജീവമാകുന്നു; രോഗമുക്തരെ കയ്യടിച്ചു വരവേറ്റ് സന്നദ്ധപ്രവർത്തകർ

ദുബായ് :മൂന്നാഴ്ചയോളമായി ഉറങ്ങിക്കിടന്ന നായിഫ് പ്രദേശം വീണ്ടും സജീവമായിത്തുടങ്ങി. ദുബായിൽ മലയാളി സമൂഹത്തിനിടയിൽ കൂടുതൽ കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയപ്പെട്ട നായിഫിലേക്ക് രോഗം സുഖപ്പെട്ടവർ എത്തിത്തുടങ്ങി. വർസാനിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നാണ് ഇവരെ നായിഫിലേക്ക് കൊണ്ടുവന്നത്. മത്റൂഷിയിലേക്കാണ് കൂടുതൽ പേരും എത്തിയത്. സന്നദ്ധ പ്രവർത്തനം നടത്തിയ  കെഎംസിസി (കേരള മുസ്‍ലിം കൾചറൽ സെന്റർ) , അക്കാഫ് വോളന്റിയർ ഗ്രൂപ്പ്, ഇൻകാസ് തുടങ്ങിയർക്കെല്ലാം ആഹ്ലാദം പകരുന്ന കാഴ്ചയായി ഇവരുടെ മടക്കം. നായിഫിലെ റോഡിലൂടെ കയ്യടിച്ചു പാട്ടുപാടിയാണ് ആദ്യ സംഘത്തെ സന്നദ്ധ പ്രവർത്തകർ ആനയിച്ചത്.

വരും ദിവസങ്ങളിൽ വർസാനിലെ കേന്ദ്രത്തിൽ നിന്ന് കൂടുതൽ പേർ എത്തും. നായിഫിൽ നിന്ന് കാസർകോട് പോയ മലയാളി വ്യാപാരിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഈ പ്രദേശത്ത് വ്യാപകമായി രോഗ വ്യാപനം ഉണ്ടായെന്ന് പുറം ലോകം അറിഞ്ഞത്. തുടർന്ന് ഇവിടെ നിന്ന് നൂറുകണക്കിന് ആളുകളെയാണ് പ്രതിദിനം ഐസലേഷൻ കേന്ദ്രത്തിലേക്കും ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കും മാറ്റിയത്. ഈ മേഖല ഉൾപ്പെടുന്ന അൽ റാസ് പ്രദേശത്തേക്കുള്ള പ്രവേശനവും അധികൃതർ വിലക്കിയിരുന്നു. രോഗ മുക്തരെ വാസസ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ ആർടിഎ (ദുബായ് റോഡ് ട്രാൻസ്പോർട് അതോറിറ്റി) ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിനൊപ്പം ബിസിനസ് ബേ അടക്കമുള്ള സ്ഥലങ്ങളിൽ പുതിയ കെട്ടിടങ്ങളിൽ രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ അധികൃതർ ഒരുക്കുന്നുണ്ട്. കോവിഡ് ബാധിതരെ പാർപ്പിക്കാൻ ഏതൊക്കെ കെട്ടിടങ്ങൾ വിട്ടുനൽകണമെന്ന് നിർണയിക്കാൻ സർക്കാർ പ്രത്യേക സമിതിയെ കഴിഞ്ഞദിവസം നിയമിച്ചു. സർക്കാർ അധീനതയിലുള്ള ഏതൊക്കെ കെട്ടിടങ്ങൾ ഇനിയും താൽക്കാലിക ആശുപത്രികളായും പുനരധിവാസ കേന്ദ്രങ്ങളായും മാറ്റാമെന്ന് ഈ സമിതി തീരുമാനിക്കും.

Post a Comment

أحدث أقدم