നാല്‌ മാസം പ്രായമായ കുഞ്ഞിന് ജന്മന ഹൃദയ-ശ്വാസകോശ പ്രശ്‌നങ്ങളുണ്ടായിരുന്നു: രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു- ആരോഗ്യമന്ത്രി

(www.kl14onlinenews.com)(24-Apr-2020)

നാല്‌ മാസം പ്രായമായ കുഞ്ഞിന് ജന്മന ഹൃദയ-ശ്വാസകോശ 
പ്രശ്‌നങ്ങളുണ്ടായിരുന്നു: രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു- ആരോഗ്യമന്ത്രി

കോഴിക്കോട്: കോവിഡ്  ബാധിച്ച് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ കുഞ്ഞിനെ പരമാവധി രക്ഷിക്കാൻ ശ്രമിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുട്ടിയുടെ മരണം സ്ഥിരീകരിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ

കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുമ്പോൾ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. കുട്ടിക്ക് വലിയ ശ്വാസ തടസം അനുഭവപ്പെട്ടതിനാൽ കൊവിഡ് സ്പെഷ്യൽ വാർഡിലേക്ക് മാറ്റുകയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു

ആദ്യ പരിശോധനാഫലം പോസിറ്റീവാണ്. രണ്ടാമത് പരിശോധിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് ചേർന്ന് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു. ഹൃദയവാൽവിന് ഉൾപ്പെടെ നിരവധി വൈകല്യങ്ങളുള്ള കുട്ടിയായതിനാൽ രക്ഷപ്പെടുത്താൻ പ്രയാസമായിരുന്നു. നമ്മുടെ കഴിവിന്റെ അപ്പുറത്തായിരുന്നു കുട്ടിയുടെ ആരോഗ്യനില. ആരോഗ്യമന്ത്രി വ്യക്തമാക്കി.

കുട്ടിയ്ക്ക് എങ്ങനെയാണ് കൊവിഡ് ബാധയുണ്ടായതെന്ന് പരിശോധിച്ചുവരികയാണ്. കുട്ടിയുടെ വീട്ടിലുള്ള ആരും വിദേശത്ത് നിന്ന് വന്നവരല്ല. എന്നാൽ വിദേശത്തുനിന്നു വന്ന ആളുകളുമായുള്ള ബന്ധങ്ങൾക്ക് സാധ്യതയുള്ളതായി ശ്രദ്ധിച്ചിട്ടുണ്ട്.

നിരവധി ആരോഗ്യപ്രശ്‍നങ്ങളുള്ള കുട്ടിയെ വിവിധ ആശുപത്രികളിൽ നേരത്തെ ചികിത്സിച്ചിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഏപ്രില്‍ 17 ന് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചിരുന്നു. ന്യുമോണിയ ബാധിച്ചെന്ന് കണ്ടെത്തിയതോടെ അതേദിവസം തന്നെ മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷം അപസ്‍മാരത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇത്തരം അസുഖങ്ങളുള്ള കുട്ടികളിൽ വളരെ വേഗം കൊറോണ ബാധയുണ്ടാകാൻ സാധ്യതയുള്ളതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.




Post a Comment

Previous Post Next Post