ഖത്തറില്‍ ഇന്ന് 957 പേരില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം11,000 കടന്നു

(www.kl14onlinenews.com) (27-Apr-2020)

ഖത്തറില്‍ ഇന്ന് 957 പേരില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു, 
രോഗബാധിതരുടെ എണ്ണം11,000 കടന്നു 

ദോഹ :ഖത്തറില്‍ 957 പേരില്‍ കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെയുള്ള പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്ന രോഗസംഖ്യയാണിത്. ഇതോടെ രോഗബാധിതരുടെ എണ്ണം 11,244 ആയി.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനമുള്ള രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണുള്ളത്. ഇന്നലെ 929 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 10,168 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 54 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 1,066 ആയി ഉയര്‍ന്നിട്ടുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,420 പേരിലാണ് പരിശോധന നടത്തിയത്. ദിവസേന കൂടുതല്‍ പേരില്‍ പരിശോധന നടത്തുന്നതിനാല്‍ ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 85,709 ലെത്തി. രണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 10 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. 

പുതുതായി രോഗം സ്ഥിരീകരിച്ചവരെല്ലാം നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ്. പ്രവാസികളും സ്വദേശികളും ഉള്‍പ്പെടുന്നു. രോഗ വ്യാപനം ഉയര്‍ന്ന തോതില്‍ എത്തി നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തലെന്നും രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ട്രാക്ക് ചെയ്യുന്നതിനുള്ള നടപടികൾ സമഗ്രമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Post a Comment

Previous Post Next Post