നാട്ടിലേക്കുള്ള മടക്കം: കെഎംസിസിയിൽ റജിസ്റ്റർ ചെയ്തത് 30,000 പേർ; 5 % ശതമാനം ഗർഭിണികൾ

(www.kl14onlinenews.com) (26-Apr-2020)

നാട്ടിലേക്കുള്ള മടക്കം: കെഎംസിസിയിൽ റജിസ്റ്റർ ചെയ്തത് 30,000 പേർ; 5 % ശതമാനം ഗർഭിണികൾ

ഫുജൈറ : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ യുഎഇയിൽ പ്രതിസന്ധിയിലായവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പ്രത്യേക പരിഗണന ആവശ്യമായവരെ കണ്ടെത്താൻ കെഎംസിസി തയാറാക്കിയ പ്രയോറിറ്റി ട്രാവൽ ലിസ്റ്റിൽ നാലു ദിവസങ്ങളിൽ റജിസ്റ്റർ ചെയ്തത് 30,000 ലേറെ പേർ. വരിൽ അഞ്ചു ശതമാനം ഗർഭിണികളാണ്. നിലവിലെ സാഹചര്യത്തിൽ ഏതുവിധേനയും മടക്കയാത്രക്കു സന്നദ്ധരായി നിൽക്കുന്നവരാണിവർ.
മാതൃരാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ യാത്ര വേഗത്തിലും സുഗമവുമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിൽ അധികൃതരെ സഹായിക്കുന്നതിനു വേണ്ടിയാണ് യുഎഇ കെഎംസിസി പ്രവാസികളുടെ വിവരശേഖരണം നടത്തിയത്. പദ്ധതി പ്രവാസികളിൽ വമ്പിച്ച പ്രതികരണവും പ്രതീക്ഷയുമാണ് ഉളവാക്കിയതെന്ന് ദേശീയ പ്രസിഡന്റ് ഡോ.പുത്തൂർ റഹ് മാൻ പറഞ്ഞു. കോവിഡ് രോഗമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയവര്‍ക്ക് അടിയന്തര വിമാനസർവീസുകള്‍ ഏര്‍പ്പെടുത്തി നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് കേന്ദ്ര-സംസ്ഥാന- നയതന്ത്ര കാര്യാലയങ്ങളോട് ആവശ്യപ്പെട്ട കെഎംസി‌സി കൃത്യമായ പദ്ധതിരൂപം അധികൃതർക്കു മുമ്പാകെ സമർപ്പിക്കുന്നതിനാണു പ്രയോറിറ്റി ട്രാവൽ ലിസ്റ്റ് തയാറാക്കിയത്.
ഏറെയും ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർ
ഇതിനകം റജിസ്റ്റർ ചെയ്തവരിൽ അഞ്ചു ശതമാനം ഗർഭിണികളാണുള്ളത്. ഇവരിൽ ഏറെയും ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരും സന്ദർശക വീസയിൽ എത്തിയവരുമാണ്. ഇവർക്കു വീസ പുതുക്കാതെ ഡിസംബർ വരെ രാജ്യത്തു തങ്ങാനുള്ള ഇളവുകൾ യുഎഇ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാട്ടിൽ എത്രയും പെട്ടെന്ന് എത്തിച്ചേരാൻ കാത്തിരിക്കുന്നവരാണ് ഗർഭിണികൾ. പ്രസവചെലവുകൾ താങ്ങാനാവില്ലെന്നതാണു അവരുടെ ആശങ്ക. ഇത്തരം അടിയന്തര സാഹചര്യത്തിലുള്ള പ്രവാസികളുടെ വിവരങ്ങൾക്കു പുറമേ യാത്രാ നിർബന്ധം ഉള്ളവർ, റസിഡൻഷ്യൽ സ്റ്റാറ്റസ്, കേരളത്തിലെ വിവിധ ജില്ലകളിൽ ഉൾക്കൊള്ളാനാവുന്ന ആളുകളുടെ എണ്ണം, വന്നിറങ്ങുന്ന എയർപോർട്ട് തുടങ്ങി സർക്കാരുകൾക്കും പ്രാദേശിക ഭരണക്കൂടത്തിനും ആവശ്യമായ തയാറെടുപ്പുകൾക്ക് വേണ്ട അറിയിപ്പുകൾ മുൻകൂട്ടി നൽകുന്നതിനും പ്രയോറിറ്റി ട്രാവൽ ലിസ്റ്റിലെ വിവരങ്ങൾ സഹായകമാകും.

വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി  കിട്ടിയിട്ടും നാട്ടിലേക്ക് പോവാൻ കഴിയാത്തവര്‍, സന്ദർശന വീസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവർ, തൊഴില്‍ നഷ്ടപ്പെട്ടവർ, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവർ, ഗർഭിണികൾ, മുതിർന്ന പൗരൻമാർ, അവരുടെ കുടുംബങ്ങൾ, തുടർ പഠനം കേരളത്തിൽ നടത്തേണ്ട വിദ്യാർഥികൾ, ചികിത്സകൾക്ക് വേണ്ടി കേരളത്തിലെത്തേണ്ടവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങളും പട്ടികയിലുണ്ട്.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്‌, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രാദേശിക ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും കാലേകൂട്ടി സംരക്ഷണ തയാറെടുപ്പുകൾ നടത്താൻ ലിസ്റ്റ് സഹായകമാകും. വിമാന സർവീസ് അനുമതി ലഭിച്ചാൽ, അർഹതപ്പെട്ടവർക്ക് കാലതാമസമില്ലാതെ യാത്ര സാധ്യമാക്കാൻ കാറ്റഗറി ലിസ്റ്റായും ഇതു പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

أحدث أقدم