യുക്രെയ്ൻ വിമാനത്തിന്റെ ബ്ലാക് ബോക്സ് ലഭിച്ചു, യുഎസിനു കൈമാറില്ല: ഇറാൻ

(www.kl14onlinenews.com) (08-Jan-2020)

യുക്രെയ്ൻ വിമാനത്തിന്റെ ബ്ലാക് ബോക്സ് ലഭിച്ചു, യുഎസിനു കൈമാറില്ല: ഇറാൻ

ടെഹ്റാൻ: ബുധനാഴ്ച പുലർച്ചെ ഇറാനിൽ തകർന്നുവീണ യുക്രൈൻ എയർലൈൻസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അമേരിക്കയ്ക്ക് കൈമാറില്ലെന്ന് ഇറാൻ. ഇറാൻ വ്യോമയാന അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തതാണ് ഇക്കാര്യം.

ബ്ലാക്ക് ബോക്സുകൾ വിമാനത്തിന്റെ നിർമാതാക്കളായ ബോയിങ്ങിനോ അമേരിക്കയ്ക്കോ കൈമാറില്ലെന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ തലവൻ വ്യക്തമാക്കി. പരിശോധനയ്ക്കായി ഇവ ഏത് രാജ്യത്തേക്കാവും അയയ്ക്കുകയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിയമങ്ങൾ പ്രകാരം അപകടം നടന്നത് ഏത് രാജ്യത്തുവച്ചാണോ ആ രാജ്യത്തിനാവും അന്വേഷണത്തിന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെത്തിയതായി ഇറാൻ നേരത്തെ അറിയിച്ചിരുന്നു. അതിനിടെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, അമേരിക്ക എന്നീ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണ് ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ വിശകലനം ചെയ്യാനുള്ള സൗകര്യമുള്ളതെന്ന് വാർത്താ ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നു.

ടെഹ്റാനിലെ ഇമാം ഖൊമെയ്നി ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് ബുധനാഴ്ച രാവിലെ പറന്നുയർന്ന യുക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം വിമാനത്താവളത്തിൽനിന്ന് 45 കിലോമീറ്റർ അകലെയുള്ള ഖലാജ് അബാദ് എന്ന സ്ഥലത്താണ് തകർന്നുവീണത്. യുക്രൈനിലെ കീവിലേക്ക് പോയ വിമാനമാണിത്. അതിൽ ഉണ്ടായിരുന്ന 180 പേരിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. 2016 ൽ നിർമ്മിച്ച ബോയിങ് വിമാനമാണ് തകർന്നുവീണത്. രണ്ടു ദിവസം മുമ്പ് വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അപകടത്തിന്റെ കാരണം എന്താണെന്ന് വിമാനക്കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എൻജിൻ തകരാറാകാം അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇറാന്റെ മുതിർന്ന സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിൽ വധിച്ചതിന് പ്രതികാരമെന്നോണം ഇറാഖിലെ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലുകൾ വർഷിച്ചതിന് തൊട്ടുപിന്നാലെയാണ് വിമാനം തകർന്നുവീണത്. അമേരിക്കൻ വിമാനങ്ങൾ ഇനി ഇറാൻ, ഇറാഖ്, ഗൾഫ് രാജ്യങ്ങൾ എന്നിവയുടെ വ്യോമാതിർത്തിയിലൂടെ പറക്കില്ലെന്ന് ഇറാന്റെ മിസൈൽ ആക്രമണത്തിന് തൊട്ടുപിന്നാലെ അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കിയിരുന്നു. ഇറാന്റെയും ഇറാഖിന്റെയും വ്യോമപാതയിലൂടെ ഇനി പറക്കില്ലെന്ന് മറ്റ് പ്രധാന വിമാനക്കമ്പനികളും വ്യക്തമാക്കിയിരുന്നു.

Post a Comment

أحدث أقدم