(www.kl14onlinenews.com)
(24-APR-2025)
ഡൽഹി: അതിർത്തി കടന്ന ബിഎസ്എഫ് സൈനികനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാൻ. പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ജവാൻ അന്താരാഷ്ട്ര അതിർത്തി അബദ്ധത്തിൽ കടന്നതായാണ് വിവരം.
ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലിരിക്കെയാണ് ജവാൻ അബദ്ധത്തിൽ അതിർത്തി കടന്നത്. 182-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ പി.കെ സിങാണ് കസ്റ്റഡിയിലായതെന്നാണ് റിപ്പോർട്ട്.
സൈനികന്റെ മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ചകൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. യൂണിഫോം ധരിച്ച് സർവീസ് റൈഫിളുമായി ജവാൻ കർഷകർക്കൊപ്പം തണലിൽ വിശ്രമിക്കാൻ മുന്നോട്ട് നീങ്ങിയപ്പോഴാണ് റേഞ്ചേഴ്‌സ് പിടികൂടിയതെന്നാണ് റിപ്പോർട്ട്.
സംഭവം അസാധാരണമല്ലെന്നും ഇരുരാജ്യങ്ങൾക്കുമിടയിൽ മുമ്പും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്ന സാഹചര്യത്തിലാണ് സംഭവം.
إرسال تعليق