(www.kl14onlinenews.com)
(18-APR-2025)
ചെമ്മനാട് പഞ്ചായത്തിൽ ജനകീയ മുന്നണിയുടെ ശക്തമായ അരങ്ങേറ്റം; പത്ത് വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ രംഗത്ത്
മേൽപറമ്പ: വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ രാഷ്ട്രീയ ചലനങ്ങൾക്ക് പുതു ദിശ നൽകുന്ന ഒരു ജനകീയ മുന്നേറ്റം രൂപം എടുക്കുന്നു. "ജില്ലാ ജനകീയ നീതി വേദി താത്വികാചാര്യ സമിതി"യുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ പത്തു വാർഡുകളിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് ജനാധിപത്യത്തിന്റെ ശക്തമായ ഭാവനയോടെ ജനങ്ങളിലേയ്ക്ക് മുന്നണിയിറങ്ങുന്നത്.
തീരദേശ മേഖലകളിലെ ഏഴ് വാർഡുകളും കിഴക്കൻ മേഖലകളിലെ മൂന്നു വാർഡുകളും ഉൾപ്പെടുത്തി ഗ്രാമവികസനത്തിനുള്ള ബദൽ കാഴ്ചപ്പാടുമായിc മുന്നണി രംഗത്ത് വരുന്നു. പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങളോട് പൊതുജനങ്ങൾക്ക് ഉയർന്നിരിക്കുന്ന സംശയങ്ങൾക്കും അപൂരിതത്വങ്ങൾക്കും മറുപടി നൽകുന്ന ശക്തമായ രാഷ്ട്രീയ ശ്രമമായി ഈ നീക്കം കണക്കാക്കപ്പെടുന്നു.
സമിതിയുടെ യോഗത്തിൽ പങ്കെടുത്ത സൈഫുദീൻ കെ. മാക്കോട്, ഹമീദ് ചാത്തങ്കൈ, റിയാസ് സി.എച്ച് ബേവിഞ്ച, ഉബൈദുല്ലാഹ് കടവത്ത്, ഇസ്മായിൽ ചെമ്മനാട്, അബ്ബാസ് കൈനോത്ത്, ബഷീർ കുന്നരിയത്ത് , ഫൈസൽ പി.കെ., സീതു മേൽപറമ്പ തുടങ്ങിയവർ തങ്ങളുടെ സജീവ പങ്കാളിത്തവും നിർണായക അഭിപ്രായങ്ങളും രേഖപ്പെടുത്തി.
മൂന്നു അംഗങ്ങൾ തങ്ങളുടെ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയെങ്കിലും, ഭൂരിപക്ഷത്തിന്റെ ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം ഔപചാരികമാക്കിയതെന്ന് യോഗം അറിയിച്ചു.
"ജനങ്ങളുടെ നാടിൻ്റെ ഭാവിയെ ആസൂത്രണം ചെയ്യുക" എന്ന ദൗത്യവാക്കോടെയാണ് മുന്നണി ജനങ്ങളിലേക്ക് മുന്നേറുന്നത്.
വികസനം, സുതാര്യ ഭരണനയം, സാമൂഹിക നീതി എന്നിവയ്ക്ക് പ്രാധാന്യം നല്കുന്ന ഈ നീക്കം, സമാന മനോഭാവമുള്ള സംഘടനകളെയും സ്വതന്ത്ര നിലപാട് പുലർത്തുന്ന വ്യക്തികളെയും ഏകോപിപ്പിച്ച്, തദ്ദേശ ഭരണതലത്തിൽ പുതിയ രാഷ്ട്രീയ സംസ്കാരത്തിന് തുടക്കമാകുമെന്ന് പ്രവർത്തകർ പ്രതീക്ഷിക്കുന്നു.
വാർത്തയാക്കുക
إرسال تعليق