(www.kl14onlinenews.com)
(24-APR-2025)
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ നടപടികൾ ശക്തമാക്കുകയാണ് ഇന്ത്യ. സിന്ധു നദീജല കരാറിൽ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം അക്ഷരാർത്ഥത്തിൽ പാക്കിസ്ഥാനെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനുപിന്നാലെ പ്രതികാര നടപടിയെന്നോളം ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാതയിൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ.
ഇന്ത്യൻ വിമാനങ്ങൾക്ക് പാക്ക് വ്യോമയാന പാതയിൽ പ്രവേശനം നിഷേധിക്കുന്നത് മുൻപും ഉണ്ടായിട്ടുണ്ട്. നേരത്തെ, പത്താൻകോട്ട് ഭീകരാക്രമണത്തിന് പിന്നാലെ ബാലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയപ്പോൾ പാക്കിസ്ഥാൻ തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. മാസങ്ങൾക്ക് ശേഷാണ് പിന്നീട് ഇന്ത്യൻ വിമാനങ്ങൾക്കായി പാക്കിസ്ഥാൻ തങ്ങളുടെ വ്യോമപാത തുറന്നത്.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയർപോർട്ടിൽ നിന്നടക്കം ഉപഭൂഖണ്ഡത്തിന് മുകളിലൂടെ പറക്കുന്ന നൂറുകണക്കിന് കിഴക്ക്-പടിഞ്ഞാറൻ വിമാന സർവ്വീസുകളെ വിലക്ക് ബാധിക്കും. ഡൽഹി കൂടാതെ ലക്നൗ, അമൃത്സർ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്ന് പടിഞ്ഞാറൻ ദിശയിലേക്ക് യാത്ര ചെയ്യുന്ന വിമാന സർവീസുകളെയും വ്യോമയാന പാതയിലെ വിലക്ക് ബാധിക്കും.
ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് പടിഞ്ഞാറൻ ദിശയിലേക്ക് പാക്കിസ്ഥാൻ വ്യോമപാത വഴി കടന്നുപോകുന്ന വിമാനങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത്. യൂറോപ്യൻ രാജ്യങ്ങൾ, പശ്ചിമേഷ്യൻ രാജ്യങ്ങൾ, വടക്കേ അമേരിക്ക തുടങ്ങിയവടങ്ങളിലേക്കുള്ള വിമാനങ്ങളാണ് പാക്ക് വ്യോമയാന പാത പ്രധാനമായും ആശ്രയിക്കുന്നത്.
പാക്കിസ്ഥാൻ വ്യോമപാത അടച്ചതിനാൽ ഉത്തരേന്ത്യയിൽ നിന്ന് പടിഞ്ഞാറൻ ദിശയിലേക്കുള്ള വിമാനങ്ങൾ ഗുജറാത്തോ മഹാരാഷ്ട്ര വഴിയോ ചുറ്റിക്കറങ്ങി വേണം സഞ്ചരിക്കേണ്ടത്. ഇത് വിമാനങ്ങളുടെ യാത്രാസമയം 70 മുതൽ 80 മിനിട്ട് വരെ വർധിപ്പിക്കും. പാക്കിസ്ഥാൻ വ്യോമപാത അടച്ചതിന്റെ ആഘാതം വിലയിരുത്താൻ സമയമായിട്ടില്ലെങ്കിലും വിമാനക്കമ്പനികളുടെ ചെലവ് വർധിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് ടിക്കറ്റ് നിരക്ക് വർധിക്കുന്നതിന് കാരണമായേക്കാമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
നഷ്ടം 700കോടി
ബാലകോട്ട് വ്യോമാക്രമണത്തെ തുടർന്ന് 2019-ൽ പാകിസ്ഥാൻ ദീർഘകാലത്തേക്ക് വ്യോമാതിർത്തി അടച്ചപ്പോൾ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഏകേദേശം 700 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 2016 ഫെബ്രുവരി 26 മുതൽ ജൂലൈ വരെ ആറുമാസത്തേക്കാണ് അന്ന് പാക്കിസ്ഥാൻ തങ്ങളുടെ വ്യോമ അതിർത്തി അടച്ചിരുന്നത്.
2016ൽ പാക്കിസ്ഥാൻ വ്യോമപാത അടച്ചപ്പോൾ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത് എയർ ഇന്ത്യയ്ക്കാണ്. എയർ ഇന്ത്യക്ക് മാത്രം ജൂലൈ രണ്ട് വരെ 491 കോടി രൂപയുടെ നഷ്ടം ഉണ്ടായി. ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര വിമാന കമ്പനിയായ ഇൻഡിഗോയ്ക്ക് മേയ് 31 വരെ 25.1 കോടിയാണ് നഷ്ടം ഉണ്ടായത്. ബജറ്റ് കാരിയറുകളായ സ്പൈസ്‌ജെറ്റിനും ഗോഎയറിനും ജൂൺ 20 വരെ 30.73 കോടിയും 2.1 കോടിയും നഷ്ടമുണ്ടായി
ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനായി യൂറോപ്പിൽ നിർത്തേണ്ടതായി വന്നു. ഡൽഹിയിൽനിന്നും ഇസ്താംബൂളിലേക്കുളള ഇൻഡിഗോയുടെ ആദ്യ നോൺ സ്റ്റോപ് വിമാനത്തിന് ഇന്ധനം നിറയ്ക്കാനായി ദോഹയിൽ നിർത്തേണ്ടി വന്നു. അതുപോലെ തന്നെ ഡൽഹി-കാബൂൾ റൂട്ടിൽ സർവീസ് നടത്തുന്ന ഒരേയൊരു ഇന്ത്യൻ വിമാനകമ്പനിയായ സ്പൈസ്‌ജെറ്റിന്റെ വിമാനം റദ്ദാക്കേണ്ടി.
സിംല കരാർ മരവിപ്പിക്കും,വ്യോമമേഖല അടയ്ക്കും; പ്രതികാര നടപടികളുമായി പാക്കിസ്ഥാൻ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക്കിസ്ഥാൻ നയതന്ത്രം യുദ്ധം രൂക്ഷമാകുന്നു. നേരത്തെ, സിന്ധു നദീജലകരാറിൽ നിന്നടക്കം ഇന്ത്യ പിന്മാറിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് മുന്നിൽ വ്യോമമേഖല അടയ്ക്കാൻ പാകിസ്ഥാൻ തീരുമാനിച്ചു. വാഗ അതിർത്തി അടയ്ക്കാനും സിംല കരാർ മരവിപ്പിക്കാനും പാകിസ്ഥാൻ ദേശീയ സുരക്ഷാ സമിതി യോഗം തീരൂമാനിച്ചു.
ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും പാകിസ്ഥാൻ നിർത്തിവച്ചു. ഇന്ത്യൻ ഹൈക്കമ്മീഷനിലെ സൈനിക ഉപദേഷ്ടാക്കൾ ഏപ്രിൽ 30 നകം രാജ്യം വിടണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു. സാർക്ക് വിസ ഇളവ് പദ്ധതി പ്രകാരം ഇന്ത്യക്കാർക്കുള്ള വിസ താൽക്കാലികമായി നിർത്തിവെയ്ക്കാനും പാകിസ്ഥാൻ ദേശീയ സുരക്ഷാ സമിതി യോഗം തീരുമാനിച്ചു. സിഖ് തീർഥാടകർക്ക് ഇളവ് നൽകിയിട്ടുണ്ട്. പാക്കിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹബാസ് ഷെരീഫിന്റെ അധ്യക്ഷതയിലാണ് ദേശീയ സുരക്ഷാ സമിതി യോഗം ചേർന്നത്
സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടി യുദ്ധപ്രഖ്യാപനത്തിന് സമമാണെന്ന് പാക്ക് പ്രധാനമന്ത്രി മുഹമ്മദ് ഷെഹബാസ് ഷെരീഫിന്റെ ഓഫീസ് നേരത്തെ പ്രതികരിച്ചിരുന്നു. പാകിസ്ഥാന് അവകാശപ്പെട്ട ജലം തടയാനോ വഴിതിരിച്ചുവിടാനോ ഇന്ത്യയുടെ ഏതൊരു ശ്രമവും യുദ്ധനടപടിയായി കണക്കാക്കുമെന്നാണ് പാക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
പാക്കിസ്ഥാനെതിരെയുള്ള നടപടികൾ പ്രാബല്യത്തിൽ
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെയുള്ള നടപടികൾ പ്രാബല്യത്തിൽ വന്നു. ചികിത്സയ്ക്ക് അടക്കം പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയ എല്ലാ വിസകളും റദ്ദാക്കാനാണ് തീരുമാനം. കൂടാതെ വിസ സേവനങ്ങൾ പൂർണ്ണമായും നിർത്തിവെയ്ക്കാനും തീരുമാനിച്ചു
പഹൽഗാം ആക്രമണത്തെത്തുടർന്ന് സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതി യോഗം എടുത്ത തീരുമാനങ്ങളെ തുടർന്നാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയ വിസകൾ ഏപ്രിൽ 27ന് റദ്ദാക്കും. ഏപ്രിൽ 29 വരെ മാത്രമേ മെഡിക്കൽ വിസകൾക്ക് സാധുതയുള്ളൂ. ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരും വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യ വിടണമെന്നും പ്രസ്താവനയിൽ പറയുന്നു.
പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനകം പാകിസ്ഥാനിലുള്ളവരോട് എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment