ഹൃദയഭേദകം; സുപ്രീം കോടതിയെ വേദനിപ്പിച്ച എട്ടുവയസ്സുകാരിയുടെ ആ ദൃശ്യം

(www.kl14onlinenews.com)
(02-APR-2025)

ഹൃദയഭേദകം; സുപ്രീം കോടതിയെ വേദനിപ്പിച്ച എട്ടുവയസ്സുകാരിയുടെ ആ ദൃശ്യം

ന്യൂഡൽഹി: അധികൃതർ പൊളിച്ചുമാറ്റുന്ന വീടിനുള്ളിൽ നിന്ന് തന്റെ പാഠപുസ്തകങ്ങളുമായി ഓടുന്ന പെൺകുട്ടിയുടെ ദൃശ്യം രാജ്യത്തിനെയാകെ വേദനിപ്പിച്ചതാണ്. ഉത്തർപ്രദേശിലെ പ്രയാഗ് രാജ് വികസന അതോററ്റിയുടെ കയ്യേറ്റമൊഴിപ്പിക്കൽ അനധികൃതമാണെന്നും നടപടി ക്രമം പാലിക്കാതെയുള്ള കയ്യേറ്റമൊഴിപ്പിക്കല്ലെന്ന പേരിൽ വീടുകൾ ഇടിച്ചുനിരത്തിയ പ്രയാഗ് രാജ് വികസന അതോററ്റി പത്ത് ലക്ഷം രൂപ വീതം ആറ് വീട്ടുടമകൾക്ക് നൽകണമെന്ന് സുപ്രീം കോടതിയുടെ നിർണായക വിധിക്ക് പിന്നിലെ ചാലകശക്തിയും തന്റെ പാഠപുസ്തകങ്ങൾ മാറോടണച്ച് ഓടുന്ന എട്ടുവയസ്സുകാരിയുടെ ദൃശ്യമാണ്. 

യുപി അംബേദ്കർ നഗർ ജലാൽപുരിലെ അനന്യ യാദവ് എന്ന് എട്ടുവയസ്സുകാരിയുടെ ദൃശ്യങ്ങളാണ് സുപ്രീം കോടതിയെപ്പോലും വേദനിപ്പിച്ചത്. മാർച്ച് 23-നാണ് നഗരവികസനത്തിന്റെ ഭാഗമായി അനന്യയുടെ കുടുംബം താമസിക്കുന്ന ഷെഡ് ഉൾപ്പടെ പൊളിച്ചുനീക്കാൻ എത്തിയത്. ഷെഡ്ഡുകൾ പൊളിച്ചുനീക്കുന്നതിനിടയിൽ അനന്യയും കുടുംബവും താമസിക്കുന്ന  ഷെഡ്ഡിന് തീപിടിച്ചു. തീപടർന്നതോടെ തന്റെ ഏറ്റവും വിലപ്പെട്ട സ്വത്തായ പാഠപുസ്തകങ്ങൾ അവിടെ നിന്നെടുത്തോടുന്ന അനന്യയുടെ ദൃശ്യങ്ങളാണ് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. 

ബാഗുമായി ഓടുന്ന തന്റെ വീഡിയോ രാജ്യത്തെ പരമോന്നത കോടതിയുടെ ശ്രദ്ധ പിടിച്ചുപറ്റുമെന്ന് അനന്യയ്ക്ക് അറിയില്ലായിരുന്നു. ചൊവ്വാഴ്ച പ്രയാഗ് രാജ് കയ്യേറ്റമൊഴിപ്പിക്കൽ കേസിൽ  വാദം നടക്കുന്നതിനിടെ ജസ്റ്റിസുമാരായ എ എസ് ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവർ ഈ വീഡിയോയെപ്പറ്റി പരാമർശിച്ചു. പാഠപുസ്തകങ്ങളും മാറോടണച്ച് ഓടുന്ന പെൺകുട്ടിയുടെ ദൃശ്യം വല്ലാതെ അസ്വസ്ഥതയുണ്ടാക്കിയെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചു.

"തീപ്പിടിത്തമുണ്ടായപ്പോൾ ബാഗും പുസ്തകങ്ങളെപ്പറ്റിയുമാണ് ആദ്യം ഓർത്തത്.  അമ്മ എന്നെ തടയാൻ ശ്രമിച്ചു.എങ്കിലും ഞാൻ ഓടിപ്പോയി പുസ്തകങ്ങൾ എടുത്തു. കത്തിപ്പോയാൽ സ്‌കുളിൽ നിന്ന് പകരം പുസ്തകങ്ങൾ കിട്ടിയില്ലെങ്കിലോ?"- ഒന്നാം ക്ലാസ് വിദ്യാർഥിനിയായ അനന്യ ദി ഇന്ത്യൻ എക്‌സപ്രസിനോട് പറഞ്ഞു.

പ്രയാഗ് രാജ് കയ്യേറ്റമൊഴിപ്പിക്കൽ കേസിന്റെ വാദത്തിനിടയിലാണ് അനന്യയുടെ വീഡിയോ സുപ്രീം കോടതി പരാമർശിച്ചത്. പ്രയാഗ്രാജിൽ അധികൃതർ നടത്തിയത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്നും പാർപ്പിടാവകാശം ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രധാന ഘടകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, അനന്യ താമസിച്ചിരുന്ന വീടിന് തീപിടിത്തമുണ്ടായത് തങ്ങൾ മൂലമല്ലെന്നാണ് അധികൃതരുടെ വാദം.

Post a Comment

أحدث أقدم