സംസ്ഥാനത്ത് എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും; നാലര ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതും

(www.kl14onlinenews.com)
(02-Mar-2025)

സംസ്ഥാനത്ത് എസ്എസ്എൽസി,
പ്ലസ് ടു പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും; നാലര ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതും

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ (തിങ്കളാഴ്ച) തുടങ്ങും. ആകെ 4,27,021 വിദ്യാർത്ഥികളാണ് ഇത്തവണ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. ഇതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമാണുള്ളത്. കേരളത്തിലാകെ 2964 പരീക്ഷാ കേന്ദ്രങ്ങളും ലക്ഷദ്വീപ് മേഖലയിൽ 9ഉം ഗൾഫ് മേഖലയിൽ 7 ഉം കേന്ദ്രങ്ങളാണുള്ളത്. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു.

ഗൾഫ് മേഖലയിൽ 682 കുട്ടികളും ലക്ഷദ്വീപിൽ 447 കുട്ടികളുമാണ്  പരീക്ഷ എഴുതുന്നത്. ഓൾഡ് സ്റ്റീമിൽ എട്ടു പേരും ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് . 28,358 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതുന്നത്. ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത്. 1893 പേരാണ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതുന്നത്. 

2017 പേർ പരീക്ഷയെഴുതുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്.    തിരുവനന്തപുരം ഫോർട്ട് ഗവ. സംസ്കൃതം എച്ച്എസ്എസിൽ ഒരാൾ മാത്രമാണ് പരീക്ഷയെഴുതുന്നത്.

ടിഎച്ച്എസ്എൽസി വിഭാഗത്തിൽ 48 പരീക്ഷ കേന്ദ്രങ്ങളിലായി 3057 കുട്ടികളും എഎച്ച്എസ്എൽസി ഭാഗത്തിൽ ഒരു പരീക്ഷ കേന്ദ്രവുമാണുള്ളത്. 65 കുട്ടികളാണ് ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർസെക്കൻഡറി സ്കൂൾളിൽ പരീക്ഷ എഴുതുന്നത്.  എസ്എസ്എൽസി ഹിയറിംഗ് ഇംപയേർഡ് വിഭാഗത്തിൽ 29 കേന്ദ്രങ്ങളാലായി 206 വിദ്യാർത്ഥികളും ടിഎച്ച്എസ്എൽസി ഹിയറിംഗ് ഇംപയേർഡ് വിഭാഗത്തിൽ 12 വിദ്യാർത്ഥികളും പരീക്ഷ എഴുതും.

ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്തെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക.

Post a Comment

Previous Post Next Post