(www.kl14onlinenews.com)
(12-Mar-2025)
പിസി ജോർജ് സാമൂഹികാന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിക്കുന്നു;
കാസർകോട്:കേരളത്തിലെ സമാധാനപരമായ സാമൂഹിക അന്തരീക്ഷം നിലനിർത്തുന്നതിൽ കടുത്ത ഭീഷണിയാകുന്ന നിരവധി വർഗീയ പ്രസ്താവനകൾ നീണ്ടകാലമായി പരസ്യമായി നടത്തിക്കൊണ്ടിരിക്കുന്ന പി. സി. ജോർജിനെതിരെ സാമൂഹിക പ്രവർത്തകൻ നൗഫൽ ഉളിയത്തടുക്ക ഡിജിപിക്ക് പരാതി നൽകി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരം നിരവധി നിയമ വിരുദ്ധ പ്രസ്താവനകൾ നടത്തുകയും നിയമ നടപടികൾക്ക് വിധേയമായിട്ടുണ്ടെങ്കിലും, അദ്ദേഹം തൻ്റെ പ്രസ്താവനകളിൽ മാറ്റം വരുത്താതെ ജനങ്ങൾക്കിടയിൽ ഭീതി, തെറ്റിദ്ധാരണ, അസ്വസ്ഥത എന്നിവ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും,
ഏറ്റവും ഒടുവിലായി, 2025 മാർച്ച് 10ന് കോട്ടയം ജില്ലയിലെ പാലായിൽ നടന്ന ഒരു പൊതുപരിപാടിയിൽ, അദ്ദേഹം “മീനച്ചൽ താലൂക്കിൽ നിന്ന് 400-ലധികം ക്രിസ്ത്യാനി പെൺകുട്ടികളെ ലൗ ജിഹാദിന്‍റെ മറവിൽ കാണാതായിട്ടുണ്ട്” എന്ന തെളിവില്ലാത്ത, ചുവടുവയ്ക്കാനാകാത്ത ഗുരുതരമായ ആരോപണം ഉന്നയിച്ചു. കേരള പോലീസ് രേഖകളിൽ പോലും ഇല്ലാത്ത ഈ കണക്കുകൾ പറഞ്ഞുപയോഗിച്ച് സമൂഹത്തിൽ കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും,
ഈ തരത്തിലുള്ള അപര്യാപ്തവും നിയമവിരുദ്ധവുമായ പ്രസ്താവനകൾ മതവിദ്വേഷം സൃഷ്ടിക്കാൻ മാത്രമേ ഉപയോഗപ്പെടുകയുള്ളൂ. നിയമങ്ങൾ അവഗണിച്ച്, നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുന്ന ശ്രീ പി. സി. ജോർജിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും,
സമുദായ സൗഹാർദ്ദം നിലനിർത്തുന്നതിനായി, ശ്രീ പി. സി. ജോർജിനെതിരെ തിരഞ്ഞെടുക്കേണ്ടതായുള്ള നിയമ നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
അതേസമയം
പി.സി ജോർജിനെതിരെ ഇതുവരെ മൂന്ന് പരാതികൾ പൊലീസിന് കിട്ടിയിട്ടുണ്ട്. തൊടുപുഴയിൽ നിന്നും പാലായിൽ നിന്നും പി.സി ജോർജിനെതിരെ ഡിജിപിക്കും പരാതി ലഭിച്ചിട്ടുണ്ട്.
മുസ്ലിം യൂത്ത് ലീഗാണ് ജോർജിനെതിരെ പാലായിൽ പരാതി കൊടുത്തത്. നേരത്തെ പി.സി ജോർജ് റിമാൻഡിലായ ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിനെതിരായ പരാതിക്കാരും മുസ്ലിം യൂത്ത് ലീഗ് ആയിരുന്നു. ഈ കേസിലെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും യൂത്ത് ലീഗ് പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദാണ് ഇപ്പോൾ ജോർജിനെതിരെ തൊടുപുഴ പൊലീസിൽ പരാതി നൽകിയത്.
കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നായിരുന്നു പി സി ജോർജിന്‍റെ പ്രസ്താവന. "മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണം. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നും" പി.സി ജോർജ് പ്രസംഗത്തില്‍ പറഞ്ഞു. "കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പി സി ജോര്‍ജ് പറഞ്ഞു. പാലായിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു പി.സി ജോർജ്.
മതവിദ്വേഷ പരാമർശ കേസിൽ ജാമ്യത്തില്‍ കഴിയുന്ന പിസി ജോർജ്, കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് വീണ്ടും വിവാദ പ്രസംഗം നടത്തിയത്. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. ഈ കേസിൽ റിമാൻഡിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് അന്ന് ചുമത്തിയിരുന്നത്
Post a Comment