(www.kl14onlinenews.com)
(21-Mar-2025)
മലപ്പുറം: മലപ്പുറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. മൂന്നു വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പെരിന്തൽമണ്ണ താഴെക്കോട് പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലാണ്, വിദ്യാർത്ഥി സംഘർഷം കുത്തി പരിക്കേൽപ്പിക്കുന്നതിൽ കലാശിച്ചത്.
സ്കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളും മലയാളം മീഡിയം വിദ്യാർഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചയോടെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
സംഘർഷത്തിൽ പരിക്കേറ്റ രണ്ടു വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരു വിദ്യാർത്ഥിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളുടെ തലയിലും കൈകളിലും പരിക്കു പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇവർ തമ്മിൽ നേരത്തെ ഉണ്ടായിരുന്ന പ്രശ്നങ്ങളുടെ തുടർച്ചയായിരുന്നു ഇന്നത്തെ സംഭവം. ഈ പ്രശ്നത്തിൽ ഒരു വിദ്യാർത്ഥി നടപടി നേരിടുകയും ചെയ്തിരുന്നു. ഈ വിദ്യാർത്ഥിയാണ് ഇന്ന് മൂന്നു പേരെയും കുത്തി പരിക്കേൽപ്പിച്ചത്.
Post a Comment