(www.kl14onlinenews.com)
(08-Mar-2025)
കൊച്ചി: സംസ്ഥാനത്ത് വ്യാപകമായി കൊണ്ടിരിക്കുന്ന ബ്ലാക്ക് മെയിലിംങ് ജേർണലിസത്തിനെതിരെ കർക്കശ നടപടി ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോം ഇന്ത്യ ) രംഗത്ത്.
ഇതുസംബന്ധമായി മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്നിവർക്ക് സംഘടന നൽകിയ പരാതിയിൽ, തട്ടിക്കൂട്ട് ഓണ്‍ലൈന്‍ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവിൽ വ്യാപകമായ ബ്ലാക്മെയിലിങ്ങും പണപ്പിരിവും തട്ടിപ്പുകളും നടക്കുന്നുവെന്ന ഗുരുതര ആരോപണമാണ് കോം ഇന്ത്യ ഭാരവാഹികൾ ഉന്നയിച്ചിരിക്കുന്നത്. ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഉപയോഗിച്ച് അന്വേഷണം നടത്തി വ്യാജന്‍മാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നതാണ് കേരളത്തിലെ പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്സ് ബോഡിയായ കോം ഇന്ത്യയുടെ പ്രസിഡൻ്റ് സാജ് കുര്യനും സെക്രട്ടറി കെ കെ ശ്രീജിത്തും പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ വ്യവസ്ഥാപിതമായ രീതിയില്‍ അന്തസോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പോലും മാനക്കേട് ഉണ്ടാക്കുന്ന വിധമാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനമെന്നും ഇത് തടയണമെന്നും കോം ഇന്ത്യയുടെ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യാതൊരുവിധ മാധ്യമ പ്രതിബദ്ധതയും മാധ്യമപ്രവര്‍ത്തന പാരമ്പര്യവും ഇല്ലാതെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കുവേണ്ടി മാത്രം നടത്തപ്പെടുന്ന ഇത്തരം പല ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പിന്നിലും ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ മറ്റ് സാമൂഹ്യവിരുദ്ധ ശക്തികള്‍ വരെ ഉണ്ടെന്നാണ് സംശയിക്കുന്നതെന്ന് കോം ഇന്ത്യ നല്കിയ പരാതിയില്‍ പറയുന്നു. ഇവരില്‍ മിക്കവര്‍ക്കും മാധ്യമപ്രവര്‍ത്തനത്തില്‍ അക്കാദമിക് പരിജ്ഞാനമോ പ്രവര്‍ത്തന പരിചയമോ ഇല്ല. പലരും വെബ്സൈറ്റ് പോലുമില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത നല്‍കിയാണ് മാധ്യമങ്ങളെന്നപേരില്‍ തട്ടിപ്പ് നടത്തുന്നതെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
ഇത്തരക്കാർ വ്യവസായികള്‍, സംരംഭകര്‍, രാഷ്ട്രീയ നേതാക്കള്‍, സാമുദായിക നേതൃത്വങ്ങള്‍ എന്നിവരെയൊക്കെ അവരുടെ ഏതെങ്കിലും ന്യൂനതകള്‍ ചൂണ്ടിക്കാട്ടി സമീപിക്കുകയും അതിന്‍റെ പേരില്‍ ലക്ഷങ്ങള്‍ കൈക്കലാക്കുകയും ചെയ്യുന്നതായി വ്യാപകമായ ആക്ഷേപങ്ങള്‍ ഉള്ളതായും കോം ഇന്ത്യ ഭാരവാഹികൾ പറയുന്നു. ഇത്തരം മാധ്യമങ്ങളില്‍പ്പെട്ട ചിലര്‍ ഒത്തുകൂടി ചില അസോസിയേഷനുകള്‍ രൂപീകരിച്ച് അതിന്‍റെ പേരിലും കൂട്ടായ പണപ്പിരിവുകൾ നടക്കുന്ന കാര്യവും കോം ഇന്ത്യ പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം തട്ടിപ്പ് ഓണ്‍ലൈന്‍ മീഡിയകള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള സമാന പരാതികള്‍കൂടി ശേഖരിച്ചുള്ള നടപടിയാണ് സംഘടന ആവശ്യപ്പെടുന്നത്. നടപടി ഉണ്ടാകുംവരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് എറണാകുളത്ത് ചേർന്ന കോം ഇന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം.
സംസ്ഥാന ട്രഷര്‍ കെ കെ ബിജ്‌നുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സാജ് കുര്യന്‍, സെക്രട്ടറി കെ കെ ശ്രീജിത്ത്, കേരള മീഡിയ അക്കാദമി ഭരണസമിതി അംഗം കൂടിയായ വിന്‍സെന്റ് നെല്ലിക്കുന്നേല്‍, ഷാജൻ സ്കറിയ, ആര്‍ രതീഷ്, സോയിമോൻ എന്നിവര്‍ പ്രസംഗിച്ചു.
Post a Comment