(www.kl14onlinenews.com)
(27-Mar-2025)
കൽപ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കുള്ള ഭവനങ്ങൾ ഉൾക്കൊള്ളുന്ന ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടും. ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തറക്കല്ലിടും. തറക്കല്ലിടൽ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടാതെ മന്ത്രിമാരും പ്രതിപക്ഷ നേതാവും പ്രിയങ്ക ഗാന്ധി എംപിയും പങ്കെടുക്കും. ദുരന്തം ഉണ്ടായി എട്ടു മാസങ്ങൾക്ക് ശേഷമാണ് തറക്കല്ലിടൽ ചടങ്ങ് നടക്കുന്നത്.
കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ദുരന്ത ബാധിതർക്കുള്ള ടൗണ്‍ഷിപ്പ് ഉയരുക. 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ പണിയുക. ഭാവിയില്‍ ഇരുനിലയാക്കാനാകുംവിധമാകും വീടിന്റെ അടിത്തറ. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവയും ടൗണ്‍ഷിപ്പിലുണ്ടാകും. ടൗൺഷിപ്പിൽ താമസിക്കാൻ ആഗ്രഹിക്കാത്ത കുടുംബങ്ങൾക്ക് വീട് പണിയാനായി 15 ലക്ഷം രൂപയാണ് സർക്കാർ അുവദിച്ചിട്ടുള്ളത്.
ഭൂമി പതിച്ച് നൽകുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല. റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും ഹെറിട്ടബിൾ ആയിരിക്കും. പന്ത്രണ്ട് വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലാത്തതാണ്. റസിഡൻഷ്യൽ യൂണിറ്റും വീടും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിൽ അനുവദിക്കാവുന്നതാണ് (ജീവിച്ചിരിക്കുന്നത് അനുസരിച്ച്). ഭൂമിയും വീടും, 12 വർഷത്തിന് മുൻപ് ഗുണഭോക്താവിന് അവശ്യ ഘട്ടങ്ങളിൽ പണയപ്പെടുത്തി വായ്പ എടുക്കുന്നതിന്റെ സാധുത ഓരോ കേസുകളായി പരിശോധിച്ച് സർക്കാർ തീരുമാനം കൈകൊള്ളും.
വീടുകളുടെ നിർമാണം ഡിസംബറോടെ പൂർത്തീകരിക്കുമെന്നാണ് ഊരാളുങ്കൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അരുൺ സാബു നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. വീടുകളുടെ പ്ലാൻ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. വീടുകളുടെ ഗുണമേന്മയിൽ ഒട്ടും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും ആളുകൾക്ക് പരസ്പരം ഇടപഴകാനുള്ള രീതിയിൽ ടൗൺഷിപ്പ് നിർമ്മിക്കുമെന്നും അരുൺ സാബു പറഞ്ഞിരുന്നു.
ടൗൺഷിപ്പിൽ റോഡുകളും വീടുകളുമായിരിക്കും നിർമിക്കുക. ചിലയിടങ്ങളിൽ ചെരിവുള്ള പ്രദേശമായതിനാൽ ആദ്യം ഈ സ്ഥലങ്ങൾ നികത്തി നിർമാണത്തിന് അനുയോജ്യമാക്കും. സാധനങ്ങൾ എത്തിക്കുന്നതിനുള്ള റോഡുകളുടെ നിർമാണം ആദ്യം തുടങ്ങും. റോഡുകളുടെ നിർമാണം പൂർത്തിയാക്കുന്നത് കെടിട്ടങ്ങളുടെ നിർമാണം പൂർത്തിയാക്കിയശേഷമായിരിക്കും. എല്ലാ വീടുകളുടെയും നിർമാണം ഒരുമിച്ച് ആരംഭിക്കാനാണ് നീക്കം. 400 തൊഴിലാളികളെയും 120 എൻജിനീയർമാരെയും നിയോഗിക്കും. മഴയില്ലാത്ത സമയങ്ങളിൽ രണ്ട് ഷിഫ്റ്റായി ജോലി ചെയ്യും. ഗുണഭോക്താക്കൾ സമ്മത പത്രം നൽകുന്നത് പൂർത്തിയായാൽ മാത്രമേ എത്ര വീടുകൾ വേണമെന്ന കാര്യം അന്തിമമാകൂ. വിദേശ രാജ്യങ്ങളിൽ കാണുന്ന ക്ലസ്റ്റർ രീതിയിലായിരിക്കും വീടുകൾ നിർമിക്കുന്നത്. വീടുകൾക്കിടയിൽ കൂടുതൽ സ്ഥലം ഒഴിച്ചിടും. വീടിന്റെ മുൻവശത്ത് 22 മീറ്റർ സ്ഥലം വെറുതെയിടും. ഇവിടെ ചെടികൾ വളർത്തുകയോ മറ്റോ ചെയ്യാം. കമ്മ്യൂണിറ്റി ഹാൾ, അങ്കണവാടി തുടങ്ങിയവയുടെ നിർമാണവും ഡിസംബറോടെ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും ഊരാളുങ്കൽ അധികൃതർ അറിയിച്ചു.
إرسال تعليق