പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

(www.kl14onlinenews.com)
(28-Mar-2025)

പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി. സംഭവവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണം പൂർത്തിയായ ശേഷം, ആവശ്യമെങ്കിൽ നടപടിക്ക് നിർദ്ദേശം നൽകാൻ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.

ഹർജി വളരെ നേരത്തെയാണെന്നും ഈ ഘട്ടത്തിൽ ഇടപെടാൻ കഴിയില്ലെന്നും ഹർജിക്കാരനോട് രണ്ടംഗ ബെഞ്ചിന്റ് അധ്യക്ഷനായ ജസ്റ്റിസ് എ.എസ്. ഓക്ക പറഞ്ഞു. ആഭ്യന്തര അന്വേഷണം അവസാനിച്ചതിനുശേഷം, ചീഫ് ജസ്റ്റിസിന് നിരവധി ഓപ്ഷനുകൾ ഉണ്ട്. വേണമെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കാം. കൂടാതെ റിപ്പോർട്ട് പരിശോധിച്ച ശേഷം വിഷയം പാർലമെന്റിലേക്ക് റഫർ ചെയ്യുകയും ആവാം, കോടതി പറഞ്ഞു.

അതേസമയം, പണം കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ മാർച്ച് 22ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് മൂന്നംഗ സമിതിയിലെ അംഗങ്ങൾ.

യശ്വന്ത് വർമയുടെ വീട്ടിൽ തീപിടിത്തം ഉണ്ടായപ്പോൾ തീ അണയ്ക്കാൻ വന്ന അഗ്നിരക്ഷാസേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. തീ അണയ്ക്കുന്നതിനിടെ ഒരു മുറിയിൽനിന്ന് കെട്ടുകണക്കിനു പണം കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ ഇവ കണക്കിൽപ്പെടാത്തതാണെന്ന് തെളിഞ്ഞു. ഇതിനെ തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്.

Post a Comment

أحدث أقدم