പൊലീസ് ജീപ്പിൽ കൊലയാളിയായ മകൻ; വഴിയരികിൽ നോക്കിനിന്ന് നൊമ്പരമടക്കി അഫാന്റെ പിതാവ്

പൊലീസ് ജീപ്പിൽ കൊലയാളിയായ മകൻ; വഴിയരികിൽ നോക്കിനിന്ന് നൊമ്പരമടക്കി അഫാന്റെ പിതാവ്

കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഹ്സാൻ്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും കൊലക്കേസുകളിൽ ആണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളിൽ പൊലീസ് സംഘം അഫാനുമായി തെളിവെടുപ്പ് നടത്തി. 

തെളിവെടുപ്പിന് എത്തിച്ച അഫാനെ പിതാവ് അബ്ദുൽ റഹീം കണ്ടു. അഫാനെയും കൊണ്ട് പോവുകയായിരുന്ന പൊലീസ് വാഹനം സിഗ്നലില്‍പ്പെട്ട് കിടക്കുമ്പോഴാണ് അദ്ദേഹം മകനെ കണ്ടത്. സിഗ്നൽ കടന്ന് ജീപ്പ് പോകുംവരെ മകനെ നോക്കിനിന്നശേഷം സുഹൃത്തിനൊപ്പം അബ്ദുൽ റഹീം പോവുകയായിരുന്നു. അഫാനെ ഇനി കാണില്ലെന്നും കാണണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും പിതാവ് നേരത്തെ പറഞ്ഞിരുന്നു.

പാങ്ങോട്, വെഞ്ഞാറമൂട് സ്റ്റേഷനുകളിലാണ് അഫാനെതിരായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായശേഷം അഫാനെ തിരികെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. മൂന്നു കേസുകളിലും ഇതോടെ തെളിവെടുപ്പ് പൂർത്തിയായി. എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ശ്രമം.

അമ്മ ഉൾപ്പെടെ ആറു പേരെയാണ് അഫാൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ അഞ്ചു പേർ മരിച്ചു. അഫാന്റെ മുത്തശ്ശി സൽമാ ബീവി (88), സഹോദരൻ അഫ്സാൻ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), അഫാന്റെ പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ അഫാന്റെ മാതാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

أحدث أقدم