(www.kl14onlinenews.com)
(03-Mar-2025)
ഇന്ത്യക്കെതിരായ സെമി പോരിന് മുമ്പ് ഓസീസിന് തിരിച്ചടി, പരിക്കേറ്റ ഓപ്പണര്‍ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു
ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമിയില്‍ നാളെ ഇന്ത്യയെ നേരിടാനിറങ്ങുന്ന ഓസ്ട്രേലിയക്ക് തിരിച്ചടി. പരിക്കേറ്റ ഓപ്പണര്‍ മാത്യു ഷോര്‍ട്ട് ചാമ്പ്യൻസ് ട്രോഫിയില്‍ നിന്ന് പുറത്തായി. അഫ്ഗാനിസ്ഥാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനിടെയാണ് ഷോർട്ടിന് പരിക്കേറ്റത്. ഷോര്‍ട്ടിന്‍റെ പകരക്കാരനായി ട്രാവലിംഗ് റിസര്‍വിലുള്ള ബാറ്റിംഗ് ഓള്‍ റൗണ്ടറായ കൂപ്പര്‍ കൊണോലിയെ ആണ് ഓസീസ് ടീമിലെടുത്തത്. ഇടം കൈയന്‍ സ്പിന്നറെന്ന നിലിയലും ഉയോഗിക്കാവുന്ന കൊണോലി ദുബായിലെ സ്പിന്‍ സൗഹൃദ പിച്ചുകളില്‍ ഓസീസിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്.
ഓസീസ് കൂപ്പായത്തില്‍ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള കൊണോലി ഓസ്ട്രേലിയയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റൻ കൂടിയാണ്. കഴിഞ്ഞ ബിഗ് ബാഷ് സീസണില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനൊപ്പം ലീഗിലെ ഏറ്റവും മികച്ച താരമായും കൊണോലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകള്‍ ദുബായിയില്‍ പരിശീലനത്തിന് എത്തിയിരുന്നു. ഇന്ത്യയുമായി സെമി കളിക്കേണ്ടിവന്നാല്‍ മത്സരസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനായിരുന്നു ഇത്. പാകിസ്ഥാനിലെ പിച്ചുകളെ അപേക്ഷിച്ച് വേഗം കുറഞ്ഞ പിച്ചുകളാണ് ദുബായിലേത്.
രണ്ടാം സെമിയില്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ നേരിടും. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് സെമിയിലെത്തിയതെങ്കില്‍ ഇംഗ്ലണ്ടിനെതിരായ ഒരു വിജയം മാത്രമാണ് ഓസ്ട്രേിലയയുടെ ക്രെഡിറ്റിലുളളത്. അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കക്കും എതിരായ ഓസ്ട്രേലിയയുടെ മത്സരങ്ങള്‍ മഴയെടുത്തപ്പോള്‍ ലഭിച്ച രണ്ട് പോയന്‍റും ഇംഗ്ലണ്ടിനെതിരായ ജയത്തിലൂടെ ലഭിച്ച 2 പോയന്‍റും അടക്കം നാലു പോയന്‍റുമായാണ് ഓസീസ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയത്
2023ലെ ഏകദിന ലോകകപ്പില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കിരീടം കൈവിട്ടതിന്‍റെ നിരാശ മാറ്റാനും പ്രതികാരം തീര്‍ക്കാനും ഇന്ത്യക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണ് സെമി പോരാട്ടം. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ തകര്‍ത്ത ട്രാവിസ് ഹെഡ് തന്നെയാണ് ഇത്തവണയും ഇന്ത്യക്ക് ഭീഷണി. നായകന്‍ പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡുമില്ലാതെ ഇറങ്ങുന്ന ഓസീസിനെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് നയിക്കുന്നത്. ട്രാവിസ് ഹെഡിന് ടൂര്‍ണമെന്‍റില്‍ ഇതുവരെ തിളങ്ങാനായിട്ടില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന്‍റെയും അലക്സ് ക്യാരിയുടെയും ബാറ്റിംഗ് ഫോമിലാണ് ഓസീസ് പ്രതീക്ഷ വെക്കുന്നത്
Post a Comment