(www.kl14onlinenews.com)
(29-Mar-2025)
ന്യൂഡൽഹി: ഭൂകമ്പത്തിൽ തകർന്നടിഞ്ഞ മ്യാൻമറിന് സഹായഹസ്തവുമായി ലോകരാജ്യങ്ങൾ. ഇന്ത്യ, യുഎസ്, ഫ്രാൻസ്, ചൈന, ജപ്പാൻ അടക്കമുള്ള രാജ്യങ്ങൾ മ്യാൻമറിനായി കൈകോർത്ത് രംഗത്ത് വന്നിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഇന്ത്യൻ വ്യോമസേനയുടെ സി130ജെ സൈനിക വിമാനത്തിലാണ് 15 ടൺ സഹായ സാമഗ്രികളുടെ ആദ്യ ബാച്ച് എത്തിച്ചത്.
പുതപ്പുകൾ ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ, സിറിഞ്ചുകൾ അടക്കമുള്ള വസ്തുക്കളാണ് വ്യോമസേനാ വിമാനത്തിൽ മ്യാൻമറിലേക്ക് അയച്ചത്. 40 ടൺ സഹായ സാമഗ്രികളുമായി രണ്ട് ഇന്ത്യൻ നാവികസേനാ കപ്പലുകൾ യാങ്കോൺ തുറമുഖത്തേക്ക് യാത്രതിരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 80 അംഗ സംഘത്തെ മ്യാൻമാറിന്റെ തലസ്ഥാനമായ നയ് പൈ താവിലേക്ക് വിമാനമാർഗം എത്തിച്ചിട്ടുണ്ട്. 118 അംഗങ്ങളും അറുപത് പാരാ-ഫീൽഡ് ആംബുലൻസുകളും ഉൾപ്പെടുന്ന ഒരു ഫീൽഡ് ആശുപത്രി ഇന്ത്യ ഉടൻ തന്നെ ആഗ്രയിൽ നിന്ന് അയയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
ഭൂകമ്പം നാശം വിതച്ച മ്യാൻമറിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നരേന്ദ്ര മോദിയും മ്യാൻമാർ സൈനിക ഭരണകൂട തലവനുമായി സംസാരിക്കുകയും അനുശോചനം അറിയിക്കുയും ചെയ്തു
മ്യാൻമറിനെ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സാധ്യമായതെല്ലാം ചെയ്യുമെന്ന് ചൈനയും അറിയിച്ചിട്ടുണ്ട്. മ്യാന്‍മാറിലെ ദുരന്തബാധിതര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50 നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. മ്യാൻമറിലെ സാഗെയിങ് നഗരത്തിനു സമീപത്തായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം ഒട്ടേറെ നാശം വിതച്ചത്. ഒട്ടേറം ബഹുനില കെട്ടിടങ്ങൾ ഭൂകമ്പത്തിൽ നിലംപൊത്തി. മ്യാൻമാറിൽ 1000 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
മ്യാന്‍മാറിനൊപ്പം തായ്‌ലാൻഡിലും ഭൂകമ്പം വലിയ നാശം വിതച്ചു. തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ചതുചാക്കില്‍ നിര്‍മാണത്തിലിരിക്കുന്ന 33-നിലക്കെട്ടിടം ഭൂകമ്പത്തിൽ തകർന്ന് മൂന്നുപേർ മരിച്ചു. ഇവിടെ നിരവധി തൊഴിലാളികൾ കുടുങ്ങി കിടക്കുന്നുണ്ട്. തായ്‌ലൻഡിൽ എട്ടു പേർ മരിക്കുകയും 117 ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. തായ്‌ലൻഡിൽ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുറന്നു. +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.
إرسال تعليق