വെഞ്ഞാറമൂട് കൂട്ടക്കൊല;അഫാന്‍റെ പിതാവ്അബ്​ദുൽ റഹീം നാട്ടിലേക്ക്; രാവിലെ 7.30ന്​ തിരുവനന്തപുരത്ത് എത്തും

വെഞ്ഞാറമൂട് കൂട്ടക്കൊല;
അഫാന്‍റെ പിതാവ്
അബ്​ദുൽ റഹീം നാട്ടിലേക്ക്; 
രാവിലെ 7.30ന്​ തിരുവനന്തപുരത്ത് എത്തും

ദമ്മാം: വെഞ്ഞാറമൂട്​ കൂട്ടക്കൊല​ക്കേസിലെ പ്രതി അഫാന്‍റെ പിതാവ്​ അബ്​ദുറഹീം ഒടുവിൽ നാട്ടിലേക്ക്. വ്യാഴാഴ്​ച രാത്രി  ദമ്മാമിൽനിന്ന്​​ എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ പുറപ്പെടുന്ന അദ്ദേഹം വെള്ളിയാഴ്​ച രാവിലെ 7.30ന്​ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ഇഖാമ പുതുക്കാതെ നിയമപ്രശ്​നത്തിലും കച്ചവടം തകരാറിലായി സാമ്പത്തികപ്രതിസന്ധിയിലുമായി ഏഴുവർഷമായി നാട്ടിൽ പോകാനാകാതെ കഴിയുന്നതിനിടയിൽ ഉറ്റവരുടെ കൂട്ടക്കൊലപാതകമെന്ന വലിയ ദുരന്തമുഖത്ത്​ സർവതും തകർന്നുനിന്ന അബ്​ദുറഹീമിന്​ ദമ്മാമിലെ ജീവകാരുണ്യ പ്രവർത്തകനും ലോകകേരള സഭ അംഗവുമായ നാസ്​ വക്കമാണ് രക്ഷകനായത്​​​. നാസ്​ വക്കത്തിന്‍റെ ഇടപെടലിലൂടെയാണ്​ യാത്രാരേഖകൾ ശരിയാക്കി നാടണയാൻ വഴിയൊരുങ്ങിയത്

പ്രിയപ്പെട്ടവരെ മകൻ കൊന്നുതള്ളിയപ്പോൾ ഇതൊന്നും അറിയാതെ ദമ്മാമിലെ കാർ ആക്​സസറീസ്​ കടയിലെ ​ജോലിയിലായിരുന്നു അബ്​ദുറഹീം. വൈകീട്ട്​ നാട്ടിൽനിന്ന്​ സഹോദരിയുടെ മകനാണ്​ വിളിച്ച്​ ഞെട്ടിക്കുന്ന വിവരമറിയിച്ചത്​​. ജ്യേഷ്​ഠൻ അബ്​ദുൽ ലത്തീഫും ഭാര്യ ഷാഹിദയും​ കൊല്ലപ്പെട്ട വിവരമാണ്​ ആദ്യം അറിഞ്ഞത്​. കൃത്യം ചെയ്​തത്​ ത​ന്‍റെ മൂത്ത മകൻ അഫാനാണെന്നുകൂടി അറിഞ്ഞതോടെ അബ്​ദുറഹീം എല്ലാ നിയന്ത്രണങ്ങളും നഷ്​ടമായ അവസ്​ഥയിലായി. പിന്നാലെ മറ്റ്​ കൊലപാതകങ്ങളെ കുറിച്ചുള്ള വാർത്തകളും എത്തിക്കൊണ്ടിരുന്നു. പിന്നെ ആകെയൊരു മരവിപ്പ്​ മൂടിയപോലെയായി. അഫാ​ന്‍റെ പിതാവ്​ ദമ്മാമിൽ ആണെന്ന വാർത്ത പരന്നതോടെ അബ്​ദുറഹീമിന്‍റെ ഫോണിലേക്ക്​ നിരന്തരം കോളുകൾ എത്തിക്കൊണ്ടിരുന്നു. അപ്പോഴും ഒരാൾക്കും ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിനുള്ള വഴി പറഞ്ഞുകൊടുക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല

വിവരമറിഞ്ഞെത്തിയ നാസ്​ വക്കം ആശ്വസിപ്പിക്കുകയും നേരെ അടുത്തുള്ള പൊലീസ്​ സ്​റ്റേഷനിലേക്ക്​ കൂട്ടിക്കൊണ്ട്​ പോവുകയും ചെയ്​തു. ജവാസത്​ (സൗദി പാസ്​പോർട്ട്​ വകുപ്പ്​) സിസ്​റ്റം പരിശോധിച്ചപ്പോൾ ഒരു തരത്തിലുള്ള കേസും​ ഇദ്ദേഹത്തിന്‍റെ പേരിലില്ലെന്ന്​ മനസിലായി. ത​ന്‍റെ കീഴിൽനിന്ന്​ ഒളിച്ചോടിയെന്ന്​ സ്​പോൺസർ പരാതിപ്പെട്ട്​ ‘ഹുറുബ്​’ കേസിൽപ്പെടുത്തിയിട്ടുണ്ടോ എന്ന സംശയം അബ്​ദുറഹീമിന് നേരത്തെ തന്നെയുണ്ടായിരുന്നു. ദീർഘകാലം റിയാദിൽ കാർ ആക്​സറീസ്​ ബിസിനസിൽ ഏർപ്പെട്ടിരുന്നു, അ​തൊക്കെ നഷ്​ടമായ ശേഷം ഒന്നര മാസം മുമ്പാണ്​ ദമ്മാമിലേക്ക്​ വന്നതും. കുറെക്കാലമായി സ്​പോൺസറെ കണ്ടിട്ടുമില്ല. എന്നാൽ തനിക്കെതിരെ അങ്ങനെയൊരു കേസും സ്​പോൺസർ നൽകിയി​ട്ടില്ലെന്ന്​ രേഖകൾ പരിശോധിച്ചപ്പോൾ ബോധ്യമായി.

എന്നാൽ ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട്​ മൂന്ന്​ വർഷമായിരുന്നു. മൂന്ന്​ വർഷത്തെ ഇഖാമ ഫീസും ലെവിയും പുതുക്കാൻ വൈകിയതിലുള്ള പിഴയും സഹിതം ഏതാണ്ട്​ അരലക്ഷത്തോളം റിയാൽ അടച്ചാൽ മാത്രമേ അതുമൂലമുള്ള നിയമകുരുക്ക്​ അഴിച്ച്​ നാട്ടിലേക്ക്​ പോകാനാവൂ.​ എന്നാൽ ഇതിനുള്ള പണം കണ്ടെത്താൻ ഒരു മാർഗവും റഹീമിന്​ മുന്നിലുണ്ടായിരുന്നില്ല. നടത്തിയിരുന്ന കച്ചവടം തകർന്നതിനാൽ വൻ സാമ്പത്തികബാധ്യതയും ഉണ്ട്​.

ഡോ. സിദ്ധീഖ്​ അഹമ്മദിനെ പോലുള്ള പ്രവാസി വ്യവസായികൾ സഹായം വാഗ്​ദാനം ചെയ്​ത്​ നാസ്​ വക്കത്തെ ബന്ധപ്പെട്ടിരുന്നു. എന്നാൽ സൗദി നാടുകടത്തൽ (തർഹീൽ) കേന്ദ്രം, പാസ്​പോർട്ട്​ വിഭാഗം എന്നിവയുടെ മേധാവികളെ നേരിൽ കണ്ട്​ ദയനീയസ്ഥിതി ബോധ്യപ്പെടുത്തിയതോടെ മനസലിഞ്ഞ അവർ സഹായിക്കാൻ സന്നദ്ധമാവുകയായിരുന്നു.

അബ്​ദുറഹീമിനെ നാസ്​ ദമ്മാം നാടുകടത്തൽ കേന്ദ്രത്തിൽ നേരിട്ട്​ ഹാജരാക്കി. സാധാരണ ഒരാൾ നാടുകടത്തൽ കേന്ദ്രത്തിലെത്തിയാൽ മൂന്ന്​ ദിവസം കഴിഞ്ഞ്​ മാത്രമേ നടപടിക്രമങ്ങൾ ആരംഭിക്കുകയുള്ളു. കുറഞ്ഞത്​ ഏഴ് ദിവസമെങ്കിലും കഴിയാതെ നടപടികൾ​ പൂർത്തിയാക്കലും സാധ്യമല്ല. എന്നാൽ അധികൃതർ കനിഞ്ഞപ്പോൾ ഒറ്റ ദിവസം കൊണ്ട് എല്ലാ നിയമകുരുക്കും അഴിച്ച്​ ഫൈനൽ എക്​സിറ്റ്​​ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നാസ് വക്കത്തിനായി.​ വ്യാഴാഴ്​ച ഉച്ചയോടെയാണ്​ ഇതെല്ലാം പൂർത്തിയാക്കിയത്​. മറ്റ്​ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ പരമാവധി രഹസ്യമായാണ്​ ഇതുവരെയുള്ള നടപടിക്രമങ്ങൾ പിന്തുടർന്നത്​.

വെള്ളിയാഴ്ച നാട്ടിലെത്തുന്ന റഹീമിനെ ബന്ധുക്കൾ സ്വീകരിക്കും. നാട്ടിലെത്തിയതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന ഉറപ്പിലാണ് യാത്ര. ഇത്ര വേഗത്തിൽ നാട്ടിലെത്താമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെന്ന് റഹീം പറയുന്നു.

റിയാദിൽ ഒരു കടനടത്തുകയായിരുന്നു റഹീം. പലതരം പ്രശ്നങ്ങൾ ഒന്നിച്ചെത്തിയപ്പോൾ എല്ലാം നഷ്ടമായി. വലിയ കടക്കാരനുമായി. കടക്കാരിൽ നിന്ന് തൽക്കാലത്തേക്ക് മാറി നിൽക്കാനാണ് റഹീം ദമ്മാമിലേക്ക് വണ്ടി കയറിയത്. അൽ മുന സ്കുളിന് സമീപത്തുള്ള ഒരു പെട്രോൽ പമ്പിനോട് ചേർന്നുള്ള വാഹനങ്ങളുടെ ആക്സസറീസ് വിൽക്കുന്ന ചെറിയ കടയിൽ ജോലിചെയ്ത് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. ഇതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. വീടു വിൽക്കണം, കടങ്ങൾ തീർക്കണം സമാധാനമുള്ള ഒരു ജീവിതം വേണം ഇതായിരുന്നു ആഗ്രഹം. റഹീം വിശദീകരിച്ചു.

അഫാൻ ആദ്യ കുട്ടിയായത് കൊണ്ട് കൂടുതൽ വാത്സല്ല്യം നൽകിയിരുന്നു. അവനെ ഉൾപ്പെടെയാണ് സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടു വന്നത്. പത്ത് മാസത്തോളം റിയാദിൽ ഒപ്പമുണ്ടായിരുന്നു. കാറ്ററിംഗിനും മറ്റും പോയി അവൻ സ്വന്തമായി പണം സമ്പാദിച്ചിരുന്നു.

അടുത്ത ദിവസങ്ങളിലൊന്നും അവനെ ഫോണിൽ കിട്ടിയിരുന്നില്ല. ഇടക്കൊക്കെ കാശിന് വേണ്ടി ഭാര്യയുടെ അടുത്ത് വഴക്കിടാറുണ്ടെന്നും റഹീം പറയുന്നു.
ഇളയ മകന്റെ മരണമാണ് ഏറെ സങ്കടകരം. അവന് ഇഷ്ടമുള്ള മന്തി വാങ്ങികൊടുത്തിട്ടാണ് കൊന്നത്. അവനെ വെറുതേ വിടാമായിരുന്നില്ലേയെന്നും റഹീം വിതുമ്പലോടെ ചോദിച്ചുക്കുന്നുണ്ട്

Post a Comment

Previous Post Next Post