വെഞ്ഞാറമൂട് കൂട്ടകൊലപാതകം; അഫാന്റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത,കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ

(www.kl14onlinenews.com)
(26-Feb-2025)

വെഞ്ഞാറമൂട് കൂട്ടകൊലപാതകം; അഫാന്റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത,കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധി എന്ന നിഗമനത്തിൽ അന്വേഷണസംഘം. പ്രതി അഫാന്റെ ഉമ്മ ഷെമിക്ക് മാത്രം 65 ലക്ഷം രൂപയുടെ കടമുണ്ടെന്ന് പൊലീസ് പറഞ്ഞു. മുത്തശ്ശിയെ കൊലപ്പെടുത്തിയശേഷം അഫാന്‍ കടങ്ങള്‍ വീട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. സല്‍മാബീവിയെ കൊന്ന ശേഷം കൈക്കലാക്കിയ മാല പണയം വച്ച് കിട്ടിയ 74,000 രൂപയില്‍ 40,000 രൂപ സ്വന്തം അക്കൗണ്ട് വഴി അഫാന്‍ കടക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.

ബാക്കി പണം ഉപയോഗിച്ചാണ് ഭക്ഷണവും മദ്യവും വാങ്ങിച്ചത്. അനുജനെ കൊലപ്പെടുത്തിയ ശേഷം കയ്യിൽ ബാക്കിയുണ്ടായിരുന്ന പണം മൃതദേഹത്തിന് സമീപം വിതറി. വിദേശത്ത് പിതാവ് കടബാധ്യതയിലായതും അമ്മ ഷെമിയുടെ അസുഖവും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിപ്പിച്ചിരുന്നു. ജീവിതനിലവാരം ഇടിഞ്ഞതും ഒന്നിനും കയ്യില്‍ പണമില്ലാതെ വന്നതും അഫാനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഉമ്മയുടെ ചികിത്സാ ചെലവും സഹോദരന്റെ വിദ്യാഭ്യാസ ചെലവും കണ്ടെത്താനാകാതെ അഫാൻ ബുദ്ധിമുട്ടിയിരുന്നു. ജോലി ഇല്ലാത്തതും നിത്യച്ചെലവിനുപോലും പണം കണ്ടെത്താനാകാത്തതും സ്നേഹിച്ച പെൺകുട്ടിയെ ഒപ്പം കൂട്ടുന്നതിലുണ്ടായ പ്രതിസന്ധിയും അഫാനെ അലട്ടിയിരുന്നു.

മുത്തശ്ശിയാണ് ഇടയ്ക്കിടെ പണം നല്‍കിയിരുന്നത്. മറ്റു ബന്ധുക്കളും കുറച്ചു പണം നല്‍കി. എന്നാല്‍, പണം തിരികെ ലഭിക്കാനുള്ള ചിലര്‍ ശല്യപ്പെടുത്താന്‍ തുടങ്ങി. പിതാവ് അബ്ദുല്‍ റഹീം വിദേശത്തു ബിസിനസ് നടത്തി കടബാധ്യത വരുത്തി. പണം മടക്കി നല്‍കാത്തതിനാല്‍ അദ്ദേഹം യാത്രാവിലക്ക് നേരിടുകയാണ്. ഇതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് കുടുംബം ചിന്തിച്ചു. എന്നാല്‍ മരിച്ചില്ലെങ്കിലോ എന്ന ആശങ്കയെ തുടര്‍ന്നാണ് കൊലപാതകം നടത്താൻ തീരുമാനിച്ചത്.

വ്യാഴാഴ്ച അഫാനും ഫർസാനയും സ്വർണം പണയം വെച്ചത് കടബാധ്യതകളിൽ ചിലത് തീർക്കാനായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടില്‍ തനിക്ക് സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്നും സൗദിയിലുള്ള കടങ്ങള്‍ മാത്രമേയുള്ളൂവെന്നും സൗദിയില്‍ കച്ചവടം ചെയ്യുന്ന റഹീം പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യതയെപ്പറ്റിയോ പെണ്‍കുട്ടിയുമായുള്ള ബന്ധത്തെപ്പറ്റിയോ തന്നെ അറിയിച്ചിട്ടില്ലെന്നും റഹീം വ്യക്തമാക്കി.

രാവിലെ പതിനൊന്ന് മണിയോടെ ഉമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. പിന്നാലെ മുറിയില്‍ പൂട്ടിയിട്ടശേഷം ഹാർഡ് വെയർ കടയില്‍ നിന്ന് പുതിയ രീതിയിലുള്ള ചുറ്റികയും മറ്റൊരു കടയില്‍ നിന്ന് എലിവിഷവും വാങ്ങി. തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍ ഉമ്മ മരിച്ചില്ലെന്ന് കണ്ട് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു. തുടര്‍ന്നാണ് മറ്റ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് അഫാന്റെ മൊഴി.

അതേസമയം, മൊഴി പൂർണമായി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ചില അവ്യക്തതകൾ ഇപ്പോഴുമുണ്ട്. പിതാവിന്റെ ഉമ്മയെയും പിതൃ സഹോദരനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കൊലപ്പെടുത്തിയതിലാണ് ദുരൂഹത തുടരുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുമായി ഈ മൂന്നുപേർക്കും ബന്ധമില്ല. അതേസമയം, ഇവരെ കൊലപ്പെടുത്തിയത് സാമ്പത്തികമായി സഹായിക്കാത്ത വൈരാഗ്യം കൊണ്ടാണെന്നാണ് സൂചന.

എലിവിഷം കഴിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഫാനെ  പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. ഇന്നലെ രാത്രി ഡോക്ടർമാരുടെ അനുവാദത്തോടെ പൊലീസ് സംഘം ചോദ്യം ചെയ്യാൻ എത്തിയെങ്കിലും കൃത്യമായ മൊഴി എടുക്കാൻ കഴിഞ്ഞില്ല. അഫാന്റെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ ഷെമിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും അവർ സംസാരിച്ചു തുടങ്ങിയെന്നും ഡോക്ടർമാർ പറഞ്ഞു.

ഡോക്ടർമാരുടെ അനുവാദത്തോടെ പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും. ചില സമയങ്ങളിൽ പരസ്പര ബന്ധമില്ലാതെയാണ് അഫാൻ സംസാരിക്കുന്നത്. ഈ സാഹചര്യത്തിൽ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കേസിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post