കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി

(www.kl14onlinenews.com)
(21-Feb-2025)

കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി

കേരളത്തിൽ റോഡ് വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി മൂന്ന് ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇൻവെസ്റ്റ് കേരള ​ഗ്ലോബൽ സമ്മിറ്റിൽ വെർച്വലായി പങ്കെടുത്ത് സംസാരിക്കവേയാണ് ഗഡ്കരിയുടെ പ്രഖ്യാപനം. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 896 കിലോമീറ്റർ ദൈർഘ്യത്തിലുള്ള 31 പുതിയ പദ്ധതികളാണുള്ളത്. 

ടൂറിസമാണ് കേരളത്തിന്റെ ഹൃദയം. വിദേശ രാജ്യങ്ങളിൽനിന്നുൾപ്പടെ നിരവധിപേരാണ് കേരളത്തിലേക്ക് വരുന്നത്. ഈ സാധ്യതകൾ വിപുലപ്പെടുത്തേണ്ടതുണ്ട്. ടൂറിസം വികസനത്തിന് റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം കേരളത്തിലൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട്-പാലക്കാട് ദേശീയ പാത 966 നാലുവരിയാക്കൽ- മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 120 കിലോമീറ്ററാണ് ദൂരം. 10814 കോടി രൂപയാണ് ചിലവ്. മൂന്ന് മാസത്തിനകം പ്രവൃത്തികൾ ആരംഭിക്കും. വടക്കൻ കേരളത്തെ വ്യവസായ ​ന​ഗരമായ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്നതിൽ ഈ പാത നിർണായ പങ്കാണ് വഹിക്കുക

ദേശീയപാത 544ലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള എറണാകുളം ബൈപ്പാസ് ആറുവരിയാക്കൽ - 45 കിലോമീറ്റർ 6500 കോടി ചിലവ്. ആറുമാസത്തിനകം പ്രവൃത്തി ആരംഭിക്കും. തിരുവന്തപുരം ഔട്ടർ റിങ് റോഡ് - 62.7 കിലോമീറ്റർ ദൂരം. ചെലവ് 5000 കോടി. 4-5 മാസത്തിനുള്ളിൽ പ്രവൃത്തികൾ ആരംഭിക്കും. ‌വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള പ്രധാന കോറിഡോറായിരിക്കും ഈ പാത.

കൊല്ലം ജില്ലയിലെ റോഡ് പദ്ധതി- കൊല്ലത്തേയും തമിഴ്നാട്ടിലെ ചെങ്കോട്ടൈ, തെങ്കാശി, തിരുനൽവേലി തുടങ്ങിയ പ്രധാന നഗരങ്ങളുമായും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാത. ജില്ലയിൽ 38.6 കിലോമീറ്റർ. ചെലവ് 300 കോടി. 4-5 മാസത്തിനുള്ളിൽ പ്രവൃത്തി ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 

ഇന്ത്യ പുരോഗമിക്കുമ്പോള്‍ കേരളത്തിന് എങ്ങനെ പിന്തിരിഞ്ഞ് നില്‍ക്കാനാകുമെന്ന് ചോദിച്ച കേന്ദ്രമന്ത്രി, സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയെ അനുകൂലിച്ചും മന്ത്രി സംസാരിച്ചു. പദ്ധതി നടപ്പായാൽ തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിലെ യാത്ര സമയം കുറയുമെന്നും അറിയിച്ചു.

Post a Comment

أحدث أقدم