(www.kl14onlinenews.com)
(22-Feb-2025)
പാകിസ്ഥാനെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. പാകിസ്ഥാനികളുടെ ആതിഥ്യമര്യാദ അത്ഭുതപ്പെടുത്തുന്നതാണെന്നും ഇവിടുത്തെ ആളുകൾ വളരെ നല്ലവരാണെന്നും സ്മിത്ത് പറഞ്ഞു. ചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ട്- ഓസ്ട്രേലിയ ഗ്രൂപ്പ് ബി പോരാട്ടത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിലാണ് പാകിസ്ഥാനെ പ്രശംസിച്ച് സ്മിത്ത് രംഗത്തെത്തിയത്. ചാംപ്യൻസ് ട്രോഫിക്കായി ആതിഥേയർ വേണ്ട ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും യുവതാരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനുള്ള അവസരമാണ് ഈ ടൂർണമെന്റെന്നും സ്മിത്ത് പറഞ്ഞു.
ഐസിസിയുടെ വലിയ ടൂർണമെന്റുകളിൽ ഓസ്‌ട്രേലിയ സമ്മർദ്ദം നന്നായി കൈകാര്യം ചെയ്യുമെന്ന് ഞാൻ കരുതുന്നു. പരിക്ക് മൂലം താരങ്ങൾ പുറത്തായത് തിരിച്ചടിയാണെന്നും എന്നാൽ ടൂർണമെന്റ് ആരംഭിക്കുമ്പോൾ ഇതൊന്നും ചിന്തിക്കുന്നില്ലെന്നും സ്മിത്ത് പറഞ്ഞു. ഏകദിന പരമ്പരയിൽ ശ്രീലങ്കയോടും പാകിസ്ഥാനോടും തോൽവി വഴങ്ങിയാണ് നിലവിലെ ലോക ചാംപ്യൻമാരായ ഓസ്ട്രേലിയയുടെ വരവ്. അഞ്ചോളം താരങ്ങളുടെ പരിക്കും ഓസീസിനെ അലട്ടുന്നുണ്ട്.
ക്യാപ്റ്റൻ പാറ്റ് കമിൻസ്, ജോഷ് ഹെയ്സൽവുഡ്, മിച്ചൽ സ്റ്റാർക്, മിച്ചൽ മാർഷ് തുടങ്ങിയ പ്രമുഖ പേസർമാരെല്ലാം പുറത്തായതോടെ ബോളിങ്ങിൽ ഓസീസിന് പഴയ ശക്തിയില്ല. മാർക്കസ് സ്റ്റോയിനിസ് ആവട്ടെ ടീമിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചു. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നയിക്കുന്ന ബാറ്റിങ് നിരയിൽ മാർനസ് ലബുഷെയ്ൻ, ട്രാവിസ് ഹെഡ്, അലക്സ് ക്യാരി, ഗ്ലെൻ മാക്സ്‌വെൽ തുടങ്ങിയവരുടെ ഫോം നിർണായകമാകും
Post a Comment