(www.kl14onlinenews.com)
(21-Feb-2025)
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ 2 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കേരളം ചരിത്ര ഫൈനലിനരികെ. ആദ്യ ഇന്നിങ്സിൽ കേരളം ഉയര്‍ത്തിയ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 455 റൺസെടുത്തു പുറത്തായി. ഇരു ടീമുകളുടെയും രണ്ടാം ഇന്നിങ്സ് കൂടി പൂർത്തിയായി ഫലനിർണയത്തിനുള്ള സാധ്യത വിരളമായതിനാൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടുന്ന ടീം ഫൈനലിൽ എത്തുമെന്ന് ഉറപ്പാണ്. കേരള ക്രിക്കറ്റിന്റെ ചരിത്രത്തിൽ രഞ്ജിയിലെ ഏറ്റവും മികച്ച പ്രകടനമാണിത്. സ്പിന്നർമാരായ ആദിത്യ സർവാതെയും ജലജ് സക്സേനയുമാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആതിഥേയരായ ഗുജറാത്തിനെ അവസാന ദിവസം വട്ടം കറക്കിയത്.
താരമായി സൽമാൻ നിസാറിന്റെ ഹെൽമറ്റ്
175–ാം ഓവറിൽ അതീവ നാടകീയമായിട്ടായിരുന്നു ഗുജറാത്തിന്റെ പത്താം വിക്കറ്റ് വീണത്. ആദിത്യ സർവാതെയെ ബൗണ്ടറി കടത്താൻ ഗുജറാത്തിന്റെ വാലറ്റക്കാരൻ അർസാന്‍ നാഗ്‍വസ്വല്ല അടിച്ച പന്ത് ഫീൽഡറായിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ ഇടിച്ച് ഉയര്‍ന്നു പൊങ്ങി സ്ലിപ്പിൽ നിൽക്കുകയായിരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബി ക്യാച്ചെടുക്കുകയായിരുന്നു. ആശയക്കുഴപ്പത്തിനൊടുവിൽ അംപയർ ഔട്ട് വിളിച്ചതോടെ കേരളത്തിന് വിലയേറിയ രണ്ട് റൺസ് ലീഡ് സ്വന്തമായി.
ആദിത്യ സർവാതെ ഷോ
അർധ സെഞ്ചുറി നേടിയ ജയ്മീത് പട്ടേൽ (177 പന്തിൽ 79 റൺസ്) സിദ്ധാർത്ഥ് ദേശായി (164 പന്തില്‍ 30), അർസാൻ നാഗ്‍വസ്വല്ല (48 പന്തിൽ 10) എന്നിവരാണ് അവസാന ദിവസം പുറത്തായ ഗുജറാത്ത് ബാറ്റർമാര്‍. മൂന്നു വിക്കറ്റും ആദിത്യ സർവാതെയാണ് സ്വന്തമാക്കിയത്. നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 154 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത്. അഞ്ചാം ദിനം ലീഡിലെത്താൻ അവർക്ക് 28 റൺസ് കൂടി മതിയായിരുന്നു. എന്നാൽ കേരളം ഇതിന് അനുവദിച്ചില്ല
إرسال تعليق