(www.kl14onlinenews.com)
(15-Feb-2025)
മുംബൈ: ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന ഷോയിലെ എപ്പിസോഡിലെ അശ്ലീല പരാമർശങ്ങൾ പ്രകോപനം സൃഷ്ടിച്ചതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ. സംഭവത്തിൽ അന്വേഷണം നടത്താൻ മന്ത്രി ആശിഷ് ഷെലാറിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക വകുപ്പിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. പിന്നാലെ മന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പിൽ വിളിച്ചുചേർത്ത യോഗത്തിനു ശേഷം അദ്ദേഹം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
യൂട്യൂബർമാരായ രൺവീർ അല്ലാബാഡിയ, സമയ് റെയ്‌ന, അപൂർവ മഖിജ തുടങ്ങിയവർക്കെതിരെ നിയമനടപടികളും പ്രതിഷേധങ്ങളുമുണ്ട്. യൂട്യൂബ് റിയാലിറ്റി ഷോയിലെ എല്ലാ അതിഥികൾക്കുമെതിരെ മഹാരാഷ്ട്ര സൈബർ വകുപ്പ് ചൊവ്വാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട വീഡിയോ വ്യാപകമായ പ്രതിഷേധത്തിനും അപലപത്തിനും കാരണമായിരുന്നു.
ഷോയിലെ അശ്ലീല പരാമർശത്തിന്റെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി തനിക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളിൽ ഇളവുതേടിയും ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടും രൺവീർ അല്ലാബാഡിയ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡ് മുഖേനയാണ് രൺവീർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
വാക്കുകൾ, ആംഗ്യങ്ങൾ, ശബ്ദങ്ങൾ അല്ലെങ്കിൽ വസ്തുക്കൾ എന്നിവയിലൂടെ സ്ത്രീയെ അപമാനിച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 2023 നിയമത്തിലെ സെക്ഷൻ 79 പ്രകാരവും, ഗ്രൂപ്പുകൾക്കിടയിൽ വിദ്വേഷമോ ശത്രുതയോ വളർത്തുന്ന സംസാരമോ പ്രവൃത്തികളോ കുറ്റകരമാക്കുന്ന 2023 ലെ ബിഎൻഎസിലെ സെക്ഷൻ 196, പൊതുസ്ഥലങ്ങളിലെ അശ്ലീല പ്രവൃത്തികളെയും പാട്ടുകളെയും കൈകാര്യം ചെയ്യുന്ന 2023 ലെ ബിഎൻഎസിലെ സെക്ഷൻ 296 തുടങ്ങിയ നിരവധി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
Post a Comment