വയനാട് പുനരധിവാസം; എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി: മാര്‍ച്ച് ആദ്യവാരം ടൗണ്‍ഷിപ്പിന് തറക്കല്ലിടും

(www.kl14onlinenews.com)
(08-Feb-2025)

വയനാട് പുനരധിവാസം; എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി: മാര്‍ച്ച് ആദ്യവാരം ടൗണ്‍ഷിപ്പിന് തറക്കല്ലിടും

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി. കോടതി ഉത്തരവ് പാലിച്ച് നഷ്ടപരിഹാരം നല്‍കി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തീരുമാനം. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കും. മാര്‍ച്ച് ആദ്യവാരം ടൗണ്‍ഷിപ്പിന് തറക്കല്ലിടും. ഒരുകൊല്ലം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി വീടുകള്‍ കൈമാറാനാണ് തീരുമാനം.

കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റും മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കാനായിരുന്നു തീരുമാനം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള ഏറ്റെടുക്കലിന് ഹൈക്കോടതി അനുമതിയും നല്‍കി. എന്നാല്‍ ഏറ്റെടുക്കുന്ന എസ്റ്റേറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതാണ് സര്‍ക്കാരിന് ആശയക്കുഴപ്പം ഉണ്ടാക്കിയത്. സാധാരണ കേസില്‍ പെട്ട ഭൂമി ഏറ്റെടുക്കുമ്പോള്‍ ആ ഭൂമിക്ക് നല്‍കുന്ന നഷ്ടപരിഹാരം ബന്ധപ്പെട്ട കോടതിയില്‍ കെട്ടിവച്ച് ഏറ്റെടുക്കുകയാണ് പതിവ്. അതിനു വിപരീതമായി കേസില്‍ പെട്ട ഭൂമിക്ക് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി പരാമര്‍ശിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണം. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമസഹായം തേടിയിരുന്നു. ഇതിലാണ് ഇപ്പോള്‍ വ്യക്തത വന്നത്.

Post a Comment

Previous Post Next Post