(www.kl14onlinenews.com)
(21-Feb-2025)
അഹമ്മദാബാദ് :
ക്വാർട്ടർ ഫൈനലിൽ ഒരു റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ സെമിയിലേക്ക്. സെമിയിൽ രണ്ട് റൺസ് ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ ഫൈനലിലേക്ക്. രഞ്ജി ട്രോഫിയിൽ പുതു ചരിത്രമെഴുതിയാണ് സച്ചിൻ ബേബിയും പിള്ളേരും അഹമ്മദാബാദിൽ നിന്ന് മടങ്ങുന്നത്. ചരിത്രത്തിൽ ആദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലിൽ. ഫൈനലിൽ കേരളം വിദർബയെ നേരിടും. നേരത്തെ വിദർഭയ്ക്ക് മുൻപിൽ സെമിയിൽ തോറ്റതിന്റെ കണക്കും കേരളത്തിന് വീട്ടാനുണ്ട്.
455 എന്ന സ്കോറിൽ നിൽക്കെ ഗുജറാത്തിനെ ഫോറടിപ്പിച്ച് ജയിപ്പിക്കാനായിരുന്നു ഗുജറാത്ത് വാലറ്റക്കാരന്റെ ശ്രമം. എന്നൽ സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടി പന്ത് നേരെ സ്ലിപ്പിൽ നിന്നിരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ കൈകളിലേക്ക്. അംപയർ ഔട്ട് വിധിച്ചതോടെ സ്വപ്ന നിമിഷത്തിലേക്ക് കേരളം എത്തി.
സർവാട്ടെ വീഴ്ത്തിയ മൂന്ന് വിക്കറ്റ്
ഏഴ് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിൽ നാലാം ദിനം ഗുജറാത്ത് ക്രീസിലിറങ്ങിയത്. ലീഡ് മറികടക്കാൻ അവർക്ക് വേണ്ടിയിരുന്നത് 28 റൺസ് മാത്രം. എന്നാൽ മൂന്ന് വിക്കറ്റ് പിഴുത് സർവാട്ടെ കേരളത്തെ ആ സ്വപ്ന നേട്ടത്തിലേക്ക് എത്തി. നാല് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന ഒരിക്കൽ കൂടി കേരളത്തെ തോളിലേറ്റി. നിധീഷും ബേസിൽ തമ്പിയും കേരളത്തിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
രാവിലെ തന്നെ അര്‍ധ സെഞ്ച്വറി നേടിയ ജയ്മീത് പട്ടേലിനെ പുറത്താക്കി കേരളം പ്രതീക്ഷ സജീവമാക്കി. അഞ്ചാം ദിനം ജലജ് സക്‌സേനയിലൂടെയാണ് കേരളം ആക്രമണം തുടങ്ങിയത്. ആദ്യ അഞ്ചോവറുകളിൽ സർവാതെയെയും സക്‌സേനയെയും ഫലപ്രദമായി പ്രതിരോധിച്ച ഗുജറാത്തിന് പക്ഷെ അഞ്ചാം ദിനത്തിലെ ആറാം ഓവറിൽ അടിതെറ്റി. ആദിത്യ സർവാതെയുടെ പന്തിൽ ഫ്രണ്ട് ഫൂട്ടിൽ കളിക്കാൻ നോക്കിയ ജയ്മീത് പട്ടേലിനെ മുഹമ്മദ് അസറുദ്ദീൻ മിന്നൽ സ്റ്റംപിംഗിലൂടെ പുറത്താക്കി.
കത്തുകാത്തിരുന്ന വിക്കറ്റ് വീണത്തിൻറെ ആവേശത്തിലായി കേരളം. ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാൻ 21 റൺസ് കൂടി വേണമായിരുന്നു അപ്പോൾ ഗുജറാത്തിന്. സിദ്ദാർത്ഥ് ദേശായിയും അർസാൻ നാഗസ്വാലയും ചേർന്ന് പിന്നീട് അഞ്ചോവർ കൂടി കേരളത്തിൻറെ ക്ഷമ പരീക്ഷിച്ചു.
ഇതിനിടെ അക്ഷയ് ചന്ദ്രനെതിരെ ബൗണ്ടറി നേടി നാഗ്വസ്വാല കേരളത്തെ ബാക്ക് ഫൂട്ടിലാക്കി. എന്നാൽ പൊരുതി നിന്ന സിദ്ധാർത്ഥ് ദേശായിയെ വിക്കറ്റിന് മുന്നിൽ കുടുക്കി സർവാതെ വീണ്ടും ഗുജറാത്തിനെ ഞെട്ടിച്ചു. അപ്പോൾ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാൻ 13 റൺസ് കൂടി വേണമായിരുന്നു ഗുജറാത്തിന്.
അവസാന വിക്കറ്റിൽ പ്രിയാജിത് സിംഗ് ജഡേജയും നാഗ്വസ്വാലയും ചേർന്ന് പ്രതിരോധിച്ചു നിന്നതോടെ കേരളത്തിൻറെ ചങ്കിടിപ്പേറി. ആറ് റൺസ് കൂടി നേടിയാൽ ഗുജറാത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡും ഫൈനൽ ടിക്കറ്റും ഉറപ്പായ നിമിഷത്തിലാണ് അവസാന വിക്കറ്റും കേരളം എറിഞ്ഞുവീഴ്ത്തിയത്.
ആദ്യ ഇന്നിങ്സിൽ കേരളം ഉയര്‍ത്തിയ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 455 റൺസെടുത്തു പുറത്തായി. സ്പിന്നർമാരായ ആദിത്യ സർവാതേയും ജലജ് സക്സേനയുമാണ് ഗുജറാത്തിനെ അവസാന ദിവസം വട്ടം കറക്കിയത്. 175–ാം ഓവറിൽ അതീവ നാടകീയമായിട്ടായിരുന്നു ഗുജറാത്തിന്റെ പത്താം വിക്കറ്റ് വീണത്. ആദിത്യ സർവാതെയെ ബൗണ്ടറി കടത്താൻ ഗുജറാത്തിന്റെ വാലറ്റക്കാരൻ അർസാന്‍ നാഗ്‍വസ്വല്ല അടിച്ച പന്ത് ഫീൽഡറായിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ ഇടിച്ച് ഉയര്‍ന്നു പൊങ്ങി സ്ലിപ്പിൽ നിൽക്കുകയായിരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബി ക്യാച്ചെടുക്കുകയായിരുന്നു. ആശയക്കുഴപ്പത്തിനൊടുവിൽ അംപയർ ഔട്ട് വിളിച്ചതോടെ കേരളത്തിന് വിലയേറിയ രണ്ട് റൺസ് ലീഡ് സ്വന്തമായി.
Post a Comment