(www.kl14onlinenews.com)
(21-Feb-2025)
കൊച്ചി: വിദ്വേഷ പരാമര്‍ശ കേസിൽ ബിജെപി നേതാവ് പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല. പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
പി.സി ജോർജിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുവെന്ന് നിരീക്ഷിച്ച കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി ആറിന് നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ജോര്‍ജിനെതിരെ ചുമത്തയിരിക്കുന്നത്.
ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ചര്‍ച്ചക്കിടെ ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. കേസില്‍ ജോര്‍ജിന് മുന്‍പ് കോടതി ഉപാധിയോടെ ജാമ്യം നല്‍കിയിരുന്നു. ഇത്തരം പരാമശങ്ങൾ ആവർത്തിക്കുന്നെന്ന വ്യവസ്ഥയിലാണ് അന്ന് ജാമ്യം
അനുവദിച്ചത്. എന്നാൽ ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
സമാനമായ കേസില്‍ മുമ്പ് ജാമ്യം അനുവദിച്ചപ്പോള്‍, പ്രസ്താവനകളില്‍ ജാഗ്രത വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, അതടക്കം ഉത്തരവുകള്‍ നിരന്തരം ലംഘിക്കുകയാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ വാക്കാല്‍ പറഞ്ഞു. പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപപ്രയോഗങ്ങള്‍ നടത്തിയതെന്ന വാദം ഹൈക്കോടതിയും മജിസ്ട്രേറ്റ് കോടതികളും നല്‍കിയ ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിന് ന്യായീകരണമല്ലെന്നും കോടതി പറഞ്ഞു
ജനുവരി അഞ്ചിന് ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. കോട്ടയം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിതിന് തുടര്‍ന്നാണ് പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.
Post a Comment