(www.kl14onlinenews.com)
(26-Feb-2025)
ലാഹോർ :
ചാംപ്യൻസ് ട്രോഫിയിൽ വമ്പൻ അട്ടിമറിയുമായി അഫ്ഗാനിസ്ഥാൻ. ഇംഗ്ലണ്ടിനെ എട്ട് റൺസിനാണ് അഫ്ഗാനിസ്ഥാൻ വീഴ്ത്തിയത്. 326 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറിൽ 317 റൺസിന് ഓൾ ഔട്ടായി. ഇംഗ്ലണ്ടിനായി നേടിയ ജോ റൂട്ടിന്റെ സെഞ്ചുറി പാഴായി. ഓസ്ട്രേലിയയോട് തോറ്റതിന് പിന്നാലെ അഫ്ഗാനിസ്ഥാനോടും തോറ്റതോടെ ഇംഗ്ലണ്ട് ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായി.
ഓസ്ട്രേലിയക്കെതിരായ മത്സരമാണ് ഇനി അഫ്ഗാനിസ്ഥാന് മുൻപിലുള്ളത്. ഇതിൽ ജയിച്ചാൽ അഫ്ഗാനിസ്ഥാന്റെ സെമി പ്രതീക്ഷകൾക്ക് ജീവൻ വയ്ക്കും. 2023 ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയിൽ നിന്നേറ്റ പ്രഹരത്തിന് അഫ്ഗാനിസ്ഥാന് ഇവിടെ പകരം വീട്ടാനുമാകും. മറ്റൊരു അട്ടിമറിക്ക് കൂടി അഫ്ഗാനിസ്ഥാന് പ്രാപ്തിയുണ്ടോ എന്നതിലേക്ക് ആകാംക്ഷയോടെ നോക്കുകയാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ.
അവസാന രണ്ട് ഓവറിൽ 16 റൺസ് ആണ് ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത്. 49ാം എറിഞ്ഞ ഫറൂഖി ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുന്നതിൽ വിജയിച്ചു. ബൗണ്ടറി വഴങ്ങാതിരുന്നതിനൊപ്പം ആർച്ചറുടെ വിക്കറ്റും ഫറൂഖി വീഴ്ത്തി. അവസാന ആറ് പന്തിൽ നിന്ന് ഒരു വിക്കറ്റ് കയ്യിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസ്. എന്നാൽ അവസാന ഓവറിലെ ആദ്യ നാല് പന്തിൽ സിംഗിൾ എടുത്തതിന് പിന്നാലെ അഞ്ചാമത്തെ പന്തിൽ ഇംഗ്ലണ്ടിന്റെ ശേഷിച്ച ഒരു വിക്കറ്റും അഫ്ഗാനിസ്ഥാൻ വീഴ്ത്തി.
അഫ്ഗാനിസ്ഥാൻ മുൻപിൽ വെച്ച കൂറ്റൻ വിജയ ലക്ഷ്യം പിന്തുടരാൻ ഇംഗ്ലണ്ടിനെ സഹായിച്ചത് ജോ റൂട്ടിന്റെ സെഞ്ചുറിയാണ്. തുടക്കത്തിൽ 30-2ലേക്ക് ഇംഗ്ലണ്ട് വീണിരുന്നു. എന്നാൽ റൂട്ട് 111 പന്തിൽ നിന്ന് 120 റൺസ് അടിച്ചെടുത്തു. 11 ഫോറും ഒരു സിക്സുമാണ് റൂട്ടിന്റെ ബാറ്റിൽ നിന്ന് വന്നത്. നാല് വർഷത്തിന് ശേഷമാണ് ജോ റൂട്ട് ഏകദിനത്തിൽ സെഞ്ചുറി നേടുന്നത്. 38 റൺസ് എടുത്ത ക്യാപ്റ്റൻ ബട്ട്ലറാണ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ടോപ് സ്കോറർ. ഒവെർടൻ 32 റൺസും ഹാരി ബ്രൂക്ക് 25 റൺസും എടുത്തു.
അഫ്ഗാനിസ്ഥാൻ ബോളർമാരിൽ ഒമർസായി അഞ്ച് വിക്കറ്റ് പിഴുതു. 9.5 ഓവറിൽ 58 റൺസ് വഴങ്ങിയാണ് ഒമർസായിയുടെ അഞ്ച് വിക്കറ്റ് നേട്ടം. ബട്ട്ലറുടേയും റൂട്ടിന്റേയും വിക്കറ്റുകൾ ഒമഞ്ഞസായി വീഴ്ത്തിയത് കളിയുടെ ഗതി തിരിച്ചു. നബി രണ്ട് വിക്കറ്റും ഫറൂഖി, റാഷിദ് ഖാൻ, നയ്ബ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത് സദ്രാന്റെ തകർപ്പൻ സെഞ്ചുറിയാണ്. ഐസിസി ചാംപ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് സദ്രാൻ തന്റെ പേരിൽ ചേർത്തത്. 146 പന്തിൽ നിന്ന് സദ്രാൻ അടിച്ചെടുത്തത 177 റൺസ്. 12 ഫോറും ആറ് സിക്സും സദ്രാന്റെ ബാറ്റിൽ നിന്ന് വന്നു.
Post a Comment