(www.kl14onlinenews.com)
(04-Feb-2025)
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കും. ഇന്ന് നിശബ്ദ പ്രചാരണമാണ്. 70 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. മൂന്നാം തവണയും അധികാരം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് എഎപി. അതേസമയം, 27 വർഷങ്ങൾക്കുശേഷം ഡൽഹിയിൽ അധികാരത്തിൽ എത്താനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ആം ആദ്മി പാർട്ടി അധികാരത്തിലെത്തുന്നതുവരെ ഒന്നര പതിറ്റാണ്ടോളം ഡൽഹി ഭരിച്ച കോൺഗ്രസും ശുഭപ്രതീക്ഷയിലാണ്.
മൂന്നു പാർട്ടികളും വലിയ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ ഡൽഹിയിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി മഹിളാ സമ്മാൻ രാശി പദ്ധതി വഴി പ്രതിമാസം നൽകുന്ന സഹായം 1,000 രൂപയിൽ നിന്ന് 2,100 രൂപയായി വർധിപ്പിക്കുമെന്ന് എഎപി അറിയിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും എഎപി വാഗ്‌ദാനം ചെയ്തിട്ടുണ്ട്.
വനിതകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം, 50,000 സർക്കാർ ജോലികൾ, 20 ലക്ഷം തൊഴിൽ അവസരങ്ങൾ എന്നിവയാണ് ബിജെപിയുടെ പ്രധാന വാഗ്‌ദാനങ്ങൾ. ബിജെപി അധികാരത്തിലെത്തിയാൽ സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, സൗജന്യ മരുന്ന്, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികൾ നിർത്തലാക്കുമെന്ന എഎപിയുടെ വാദങ്ങളെ തള്ളിക്കൊണ്ട്, ആം ആദ്മി സർക്കാരിന്റെ നിലവിലുള്ള എല്ലാ പദ്ധതികളും തുടരുമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ വീടുകളിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ അലവൻസ്, 500 രൂപയ്ക്ക് പാചക വാതക സിലിണ്ടർ, ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ, യുവാക്കൾക്ക് 8,500 രൂപ പ്രതിമാസ സ്റ്റൈപ്പൻഡുള്ള ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് എന്നിവയാണ് കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ.
Post a Comment