ഒറ്റദിവസം, മൂന്ന് മരണം; അറുതിയില്ലാതെ കാട്ടാനയക്രമണം

(www.kl14onlinenews.com)
(11-Feb-2025)

ഒറ്റദിവസം, മൂന്ന് മരണം; അറുതിയില്ലാതെ കാട്ടാനയക്രമണം

കൽപ്പറ്റ:സംസ്ഥാനത്ത് ഒരുദിവസത്തിനിടെ കാട്ടാനയക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ.തിരുവനന്തപുരം, വയനാട്, ഇടുക്കി ജില്ലകളിലാണ് കാട്ടാനയുടെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പട്ടത്. തിരുവനന്തപുരം പാലോട് വനവിഭവങ്ങൾ ശേഖരിക്കാൻ പോയയാൾ കാട്ടാനയക്രമണത്തിൽ കൊല്ലപ്പെട്ട സംഭവമാണ് ഏറ്റവുമൊടുവിൽ റിപ്പോർട്ട് ചെയ്തത്.  വെൻകൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തു വീട്ടിൽ ബാബു വിന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രി ആറുമണിയോടെ പരിസരവാസികൾ കണ്ടെത്തിയത്. നാലു ദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു.

നേരത്തെ,വയനാട്ടിലും കാട്ടാനയക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം സംഭവിച്ചിരുന്നു. വയനാട് നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (24)ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മനുവിനെ കാട്ടാനയക്രമിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കി പെരുവന്താനം കൊമ്പൻപാറയിൽ കാട്ടാനയക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട് മണിക്കൂറുകൾ പിന്നിടും മുമ്പാണ് രണ്ടാമത്തെ ആക്രമണം.

കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരികെ വരുന്നതിനിടയിലാണ് മാനുവിനെ കാട്ടാനയക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വയനാട്ടിലെ അതിർത്തിയിലുള്ള പഞ്ചായത്താണ് നൂൽപ്പുഴ. വനാതിർത്തി മേഖലയിലാണ്  സംഭവമെന്നാണ് വിവരം. പാടത്ത് മരിച്ച നിലയിലാണ് മാനുവിനെ കണ്ടെത്തിയത്. കാട്ടാന ശല്യമുള്ള മേഖലയിലാണ് സംഭവം.

ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലായിരുന്നു  കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്.കൊമ്പൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റിനു സമീപത്തുവച്ചായിരുന്നു സംഭവം. 

തിങ്കളാഴ്ച് വൈകീട്ട് സമീപത്തെ വഴിയിലൂടെ നടന്നു പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ. കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.സോഫിയെ ആക്രമിച്ച ശേഷം ഏറെ സമയം ആന മൃതദേഹത്തിനു സമീപം നിലയുറപ്പിച്ചിരുന്നു. വനത്തോട് ചേർന്നുള്ള പ്രദേശത്താണ് സോഫിയും കുടുംബവും താമസിക്കുന്നത്. 

വയനാട്ടിൽ നാളെ ഹർത്താൽ

കാട്ടാനയക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പിൻറ അനാസ്ഥയിൽ പ്രതിഷേധിച്ച് വയനാട്ടിൽ നാളെ ഹർത്താലിന് ആഹ്വാനം. ഫാർമേഴ്സ് റിലീഫ് ഫോറത്തിൻറ നേതൃത്വത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.

ഫെബ്രുവരിയിൽ ജീവൻ പൊലിഞ്ഞത് മൂന്ന് പേർക്ക്

സംസ്ഥാനത്ത് ഈ മാസം മാത്രം കാട്ടാനയക്രമണത്തിൽ ജീവൻപൊലിയുന്ന നാലാമത്തെ  ആളാണ് ബാബു. കഴിഞ്ഞാഴ്ച ഇടുക്കി മറയൂരിൽ ഉണ്ടായ കാട്ടാനയക്രമണത്തിൽ ഫയർ ലൈൻ തെളിക്കാൻ പോയ അൻപത്തിയേഴുകാരൻ കൊല്ലപ്പെട്ടിരുന്നു.

തിങ്കളാഴ്ച എറണാകുളത്ത് ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. എറണാകുളം  കുളിരാൻതോടിൽ കാലടി പ്ലാന്റേഷനിലെ തൊഴിലാളി പ്രസാദിനാണ് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റത്. പ്രസാദിനെ ആന തുമ്പിക്കൈ ചുരുട്ടി വലിച്ചെറിയുകയായിരുന്നു.

Post a Comment

Previous Post Next Post