(www.kl14onlinenews.com)
(16-jan-2025)
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. സെയ്ഫ് അലി ഖാൻ്റെ വീടിൻ്റെ ആറാം നിലയിൽ പതിഞ്ഞ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവം നടക്കുന്നതിനു മുൻപ് പ്രതി ഒരു കോടി രൂപ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതിക്കായി അഞ്ച് സ്പെഷ്യലൈസ്ഡ് ക്രൈംബ്രാഞ്ച് യൂണിറ്റുകളും പത്തു പൊലീസ് സംഘങ്ങളും തിരച്ചിൽ തുടരുകയാണ്. പ്രഭാദേവിയിലാണ് പ്രതിയെ അവസാനമായി കണ്ടതെന്ന് പൊലീസ് അറിയിച്ചു
വീട്ടിൽ കവർച്ചയ്ക്ക് എത്തിയ അക്രമിയാണ് നടനെ പരുക്കേൽപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് നടനുള്ളത്. അജ്ഞാതനായ ഒരാൾ നടന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതായും ഇയാളുമായുള്ള മൽപ്പിടിത്തതിനിടെ നടന് പരുക്കേറ്റതായും മുംബൈ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമിക്ക് വീടിൻ്റെ വാതിൽ തുറന്നു കൊടുത്ത് ജോലിക്കാരിൽ ഒരാളാണെന്ന് പോലീസ് പറയുന്നു. വീട്ടുജോലിക്കാരിക്കും ചെറിയ പരുക്കേറ്റതായും, ചിലരെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് പറഞ്ഞു
ബാന്ദ്രയിലെ സെയ്ഫിന്റെ വസതിയിൽ മോഷണശ്രമം നടന്നതായി നടന്റെ ടീം പ്രസ്താവന ഇറക്കിയിട്ടുണ്ട്. ''ശസ്ത്രക്രിയക്കു ശേഷം സെയ്ഫ് അപകട നില തരണം ചെയ്തു. ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്, ഡോക്ടർമാർ അദ്ദേഹത്തിന്റെ പുരോഗതി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണ്, സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ലീലാവതി ആശുപത്രിയിലെ ഡോ. നീരജ് ഉത്തമാനി, ഡോ. നിതിൻ ഡാംഗെ, ഡോ. ലീന ജെയിൻ എന്നിവർ ചേർന്ന സംഘത്തിന് ഞങ്ങൾ നന്ദി പറയുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ എല്ലാ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും പ്രാർത്ഥനകൾക്കും നന്ദി.'' എന്ന് ഔദ്യോഗിക കുറിപ്പിലൂടെ സെയ്ഫിൻ്റെ ടീം അറിയിച്ചു.
പുലർച്ചെ ഒരു മണിയോടെയാണ് ഒരു കള്ളൻ നടന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതെന്നാണ് നടനുമായി അടുത്ത വൃത്തങ്ങൾ സ്ക്രീനോട് പറഞ്ഞത്. ആ സമയത്ത് വീട്ടിലെ ജോലിക്കാരി അയാളെ കണ്ടു. അവർ ഉറക്കെ ബഹളം വച്ചു. ഇതുകേട്ടാണ് സെയ്ഫ് എത്തിയത്. കള്ളന്റെ കയ്യിൽ കത്തി ഉണ്ടായിരുന്നു. സെയ്ഫ് കള്ളനെ തടയാൻ ശ്രമിച്ചപ്പോൾ അയാൾ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരൊക്കെയുണ്ടായിരുന്നുവെന്ന് അറിയില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.
പുലർച്ചെ 3-3.30 നും ഇടയിലാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ശരീരത്തിൽ ആറോളം മുറിവുകളുണ്ട്. രണ്ടെണ്ണം വളരെ ആഴത്തിലുള്ളതാണ്. ഇതിലൊരണ്ണം നട്ടെല്ലിന് വളരെ അടുത്താണെന്നും പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Post a Comment