(www.kl14onlinenews.com)
(07-jan-2025)
മലപ്പുറം: രാഷ്ട്രീയ നിലപാട് വ്യക്തമാക്കി പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ പോരാടാൻ യുഡിഎഫിനൊപ്പം ചേരും. യുഡിഎഫ് അധികാരത്തിൽ വരണം. എല്ലാ യുഡിഎഫ് നേതാക്കളെയും കാണും. യുഡിഎഫ് നേതൃത്വമാണു തന്റെ ഔദ്യോഗിക പ്രവേശനത്തിൽ തീരുമാനം എടുക്കേണ്ടതെന്നും തന്നെ വേണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും അൻവർ വ്യക്തമാക്കി.
ജനങ്ങളെ ബാധിക്കുന്ന വനനിയമ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങൾ യുഡിഎഫ് ഏറ്റെടുക്കണം. യുഡിഎഫിനു പിന്നിൽ ഞാൻ ഉണ്ടാകും. എംഎൽഎ സ്ഥാനവും മറ്റു പദവികളും തരേണ്ട. ഇതുവരെ എന്റെ കാര്യത്തിൽ അനുഭാവപൂർണമായ നിലപാട് അവരെടുത്തിട്ടില്ല. എന്നെ മുന്നണിയിൽ എടുക്കണോയെന്നു യുഡിഎഫാണു തീരുമാനിക്കേണ്ടത്. ആരുടെ കൂടെയാണെങ്കിലും മരണംവരെ നിൽക്കുമെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിപിഎം ഇനി കേരളത്തിൽ അധികാരത്തിൽ വരാതിരിക്കാനുള്ള രാഷ്ട്രീയ ദൗത്യമാണു മുഖ്യമന്ത്രി പിണറായി വിജയനെ ആർഎസ്എസ് എൽപ്പിച്ചിരിക്കുന്നത്. അവരുടെ തീരുമാനപ്രകാരമല്ലാതെ ഒരിഞ്ചു മുന്നോട്ടുപോകാൻ പിണറായിക്കു സാധിക്കില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിന് അവസാനം കുറിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയാണു പിണറായി. ബംഗാളിൽ സംഭവിച്ചതുതന്നെ കേരളത്തിലും സംഭവിക്കുമെന്ന് അൻവർ തുറന്നടിച്ചു.
Post a Comment