ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ പിടിയിൽ; വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍

(www.kl14onlinenews.com)
(21-jan-2025)

ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ പിടിയിൽ; വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍
ബാംഗ്ലൂർ :
കേരളവർമ കോളജ് വിദ്യാർഥികളെ കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ‘മണവാളൻ’ എന്നറിയിപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷായെ (26) പൊലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്. ‘മണവാള’നെ പുലർച്ചെയോടെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. കേച്ചേരി എരനല്ലൂർ സ്വദേശിയാണ് പിടിയിലായ ‘മണവാളൻ’.

ഇയാൾക്കെതിരേ പോലീസ് മുമ്പ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ ഇയാളെ കണ്ടെത്താൻ സാധിക്കാതായ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഏപ്രിൽ 19-നായിരുന്നു സംഭവം. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ മണവാളനെതിരെ ഏപ്രിൽ 24ന് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.  യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള ‘മണവാളൻ മീഡിയ’ എന്ന യൂട്യൂബ് ചാനലും ഇയാൾക്കുണ്ട്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയേക്കും.

കേരളവർമകോളേജിലുണ്ടായ തർക്കത്തെ തുടർന്നാണ് മുഹമ്മദ് ഷഹീൻഷായും സംഘവും വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഗൗതം കൃഷ്ണനെയും സുഹൃത്തിനെയുമാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. കാർവരുന്നതുകണ്ട് ഇവർ ബൈക്ക് ഒതുക്കിയെങ്കിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗൗതമിനും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. വ്‌ളോഗർക്കൊപ്പം പത്തോളം പേർ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്.

Post a Comment

Previous Post Next Post