സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്; സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

(www.kl14onlinenews.com)
(08-jan-2025)

സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്; സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും
തിരുവനന്തപുരം :
63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങു. അനന്തപുരിയെ കലാമേളങ്ങൾ കൊണ്ട് അവിസ്മരണീയമാക്കിയ നാല് ദിനരാത്രങ്ങളാണ് കടന്നു പോയത്. അവസാന ദിനമായ ഇന്ന് പത്ത് മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. നാലാം ദിവസത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരിനെ മറികടന്ന് തൃശൂർ ഒന്നാമതെത്തി. ഇതോടെ സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേയ്ക്ക് കടക്കുകയാണ്.

965 പോയിൻ്റ് നേടിയാണ് നാലാം ദിനം തൃശ്ശൂർ മുന്നിലെത്തിയത്. 961 പോയിൻ്റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമാണ്. 959 പോയിൻ്റോടെ കോഴിക്കോടാണ് മൂന്നാമത്.

സ്കൂൾ വിഭാ​ഗത്തിൽ പാലക്കാട് ഗുരുകുലം എച്ച്എസ്എസ് 166 പോയിൻ്റോടെ ബഹുദൂരം മുന്നിലാണ്. വഴുതക്കാട് കാർമൽ എച്ച്എസ്എസ് 116 പോയിൻ്റോടെ രണ്ടാം സ്ഥാനത്തും എംജിഎംഎച്ച്എസ്എസ് മാനന്തവാടി 101 പോയിൻ്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്.

നാല് ദിവസം പിന്നിട്ടപ്പോൾ ആകെയുള്ള 249 ഇനങ്ങളിൽ 239 എണ്ണവും പൂർത്തിയായി. ഹൈസ്‌കൂൾ പൊതുവിഭാഗത്തിൽ96, ഹയർ സെക്കൻഡറി പൊതുവിഭാഗത്തിൽ 105, ഹൈസ്‌കൂൾ അറബിക് വിഭാ​ഗത്തിൽ 19, ഹൈസ്കൂൾ സംസ്‌കൃത വിഭാഗത്തിൽ 19 ഇനങ്ങൾ വീതമാണ് പൂർത്തിയായിരിക്കുന്നത്.

അവസാന ദിനത്തിൽ നടക്കാനിരിക്കുന്ന പത്ത് മത്സര ഫലങ്ങൾ കലാകിരീടം നേടുന്നതിൽ നിർണ്ണായക പങ്കു വഹിക്കും. കപ്പിനായുള്ള മത്സരം ശക്തമാകുമ്പോൾ അവസാന മത്സരവും കടന്ന് അപ്പീലുകളുടെ ഫലം വരെ കാത്തിരിക്കേണ്ടി വരും. മത്സരങ്ങളെല്ലാം ഉച്ചയ്ക്കു രണ്ടോടെ പൂർത്തിയാകുമെന്നും അപ്പീലുകൾ 3.30നു മുൻപു തീർപ്പാക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

നാടോടിനൃത്തം, കേരളനടനം, കഥാപ്രസംഗം, വഞ്ചിപ്പാട്ട്, വയലിൻ തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന മത്സരങ്ങൾ. വൈകിട്ട് അഞ്ച് മണിക്ക് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ (എംടി – നിള) സമാപന സമ്മേളനം നടക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, ടോവിനോ തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

ജേതാക്കൾക്കുള്ള സ്വർണക്കപ്പും മാധ്യമ പുരസ്കാരങ്ങളും മന്ത്രി വി.ശിവൻകുട്ടി സമ്മാനിക്കും. സ്വർണക്കപ്പ് രൂപകൽപന ചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നൽകുന്ന പഴയിടം മോഹനൻ നമ്പൂതിരിയെയും ആദരിക്കും. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിക്കും. സ്പീക്കർ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

Previous Post Next Post