ബെംഗളൂരുവിലെ എച്ച്എംപിവി കേസുകൾക്ക് ചൈനയിലെ വൈറസ് വകഭേദവുമായി ബന്ധമില്ല: ആരോഗ്യ മന്ത്രാലയം

(www.kl14onlinenews.com)
(06-jan-2025)

ബെംഗളൂരുവിലെ എച്ച്എംപിവി കേസുകൾക്ക് ചൈനയിലെ വൈറസ് വകഭേദവുമായി ബന്ധമില്ല: ആരോഗ്യ മന്ത്രാലയം
ബെംഗളൂരു: രാജ്യത്ത് ആദ്യമായി എച്ച്എംപിവി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു. മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞിനും 8 മാസം പ്രായമുള്ള ആൺകുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തുന്ന പതിവ് നിരീക്ഷണത്തിന്റെ ഭാഗമായാണ് കേസുകൾ തിരിച്ചറിഞ്ഞത്. എന്നാൽ, ഇന്ത്യയിൽ സ്ഥിരീകരിച്ച കേസുകൾക്ക് ചൈനയിൽ പടരുന്ന വൈറസ് വകഭേദവുമായി ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഉൾപ്പെടെ ആഗോളതലത്തിൽ എച്ച്എംപിവി വൈറസ് പടരുന്നുണ്ട്. എച്ച്എംപിവിയുമായി ബന്ധപ്പെട്ട ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ കണ്ടെത്തിയ രണ്ട് കേസുകളിലും വിദേശ യാത്രയുടെ പശ്ചാത്തലമില്ല. അതായത്, ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശ്വാസകോശ സംബന്ധമായ അണുബാധകളുമായി ഈ അണുബാധകൾക്ക് ബന്ധമില്ലെന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

രണ്ടു കുഞ്ഞുങ്ങൾക്കും വിദേശ യാത്രാ പശ്ചാത്തലമില്ല. കുഞ്ഞുങ്ങളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. എച്ച്എംപിവിയുടെ ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല. ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

ചൈനയിൽ എച്ച്എംപിവി വൈറസ പൊട്ടിപുറപ്പെട്ടെന്ന് വാർത്തകൾ പുറത്തുവന്നതോടെ ലോകം മുഴുവൻ ആശങ്കയിലാണ്. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തിയത് 2001-ൽ ആണെങ്കിലും, 24 വർഷത്തിനുശേഷവും വാക്‌സിൻ ഇതുവരെ വികസിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ട്.

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണിത്. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.

ചുമ, തുമ്മൽ എന്നിവയിൽനിന്നുള്ള സ്രവങ്ങൾ ശരീരത്തിൽ എത്തുന്നതു വഴി, രോഗം ബാധിച്ചവരുമായിട്ടുള്ള നേരിട്ടുള്ള സമ്പർക്കം വഴിയും വൈറസ് ഒരാളിൽ എത്താം. ഇതിനുപുറമേ മലിനമായ പ്രതലങ്ങളിൽ സ്പർശിച്ചതിന് ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുന്നത് വഴിയും വൈറസ് പടരാൻ സാധ്യതയുണ്ട്. മാസ്‌ക ഉപയോഗിക്കുന്നത് വഴിയും ഇടയ്ക്കിടെ കൈകൾ വൃത്തിയായി കഴുകി സൂക്ഷിക്കുന്നത് വഴിയും രോഗത്തെ ഒരുപരിധി വരെ തടഞ്ഞുനിർത്താൻ കഴിയും.

Post a Comment

Previous Post Next Post