മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന് ഹൈക്കോടതി; ലഹരിക്കേസ് പ്രതിക്ക് ജാമ്യം

(www.kl14onlinenews.com)
(17-jan-2025)

മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന് ഹൈക്കോടതി; ലഹരിക്കേസ് പ്രതിക്ക് ജാമ്യം
കൊച്ചി :
മാജിക് മഷ്റൂം നിരോധിത ലഹരി വസ്തു അല്ലെന്ന് ഹൈക്കോടതി. മാജിക് മഷ്റൂമിൽ അടങ്ങിയിരിക്കുന്ന ഭ്രമാത്മകതയുണ്ടാക്കുന്ന രാസവസ്തുവായ സിലോസൈബിന്റെ അളവ് എത്രയെന്ന് കണക്കാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അതിനെ ലഹരി വസ്തുക്കളുടെ പട്ടികകയിൽ ഉൾപ്പെടുത്താനാകില്ലെന്നും അതൊരു ഫംഗസ് (കൂൺ) മാത്രമാണെന്നും പറഞ്ഞു. ലഹരിക്കേസിൽ പിടിക്കപ്പെട്ട കർണാടക സ്വദേശിയായ രാഹുൽ റായ് എന്നയാൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീകഷണം. ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണനാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞവർഷം ഒക്ടോബറിലാണ് ആഡംബര കാറിൽ കടത്തിയ ലഹരി വസ്തുക്കളുമായി രാഹുൽ റായ് വയനാട്ടിൽ അറസ്റ്റിലാകുന്നത്. 276 ഗ്രാം മാജിക് മഷ്റൂം, 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സ്യൂളുകൾ, 13.2ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ് എന്നിവയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

എന്നാൽ മാജിക് മഷ്റൂമിലെ സിലോസൈബിന്റെ അളവ് കണക്കാക്കിയിട്ടില്ലെന്നും വാണിജ്യ അളവിലുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യ ഹർജിയിൽ പ്രതിഭാഗം വാദിച്ചു. ജാമ്യം അനുവദിക്കരുതെന്നും വാണിജ്യ അളവിലുള്ള മാജിക് മഷ്റൂമാണ് പിടിച്ചെടുത്തതെന്നും പ്രോസിക്യൂഷനും വാദിച്ചു. സമാന കേസുകളിൽ കർണാടക, തമിഴ്നാട് ഹൈക്കോടതി വിധികൾ പരിഗണിച്ച കേരള ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
സിലോസൈബിന്റെ അളവ് കണക്കാക്കാത്ത സാഹചര്യത്തിൽ മാജിക് മഷ്റൂം മുഴുവൻ ലഹരി വസ്തുവായികാണാനാവില്ലെന്നും മറ്റൊരു വസ്തുക്കളുമായും കൂട്ടിക്കലർത്തിയതും അല്ലെന്നു അതുകൊണ്ടുതന്നെ ഷെഡ്യൂൾഡ് ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നത് ഇവിടെ ബാധകമല്ല എന്നും കോടതി വ്യക്തമാക്കി.

Post a Comment

Previous Post Next Post