പി വി അൻവറിൻ്റെ അറസ്റ്റ് ഭരണകൂട ഭീകരത; എം എൽ എക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ

(www.kl14onlinenews.com)
(06-jan-2025)

പി വി അൻവറിൻ്റെ അറസ്റ്റ് ഭരണകൂട ഭീകരത; എം എൽ എക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ ആക്രമിച്ച കേസിൽ റിമാൻഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ. പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത എം എൽ എ നിവിൽ തവനൂർ സെൻട്രൽ ജയിലിൽ തുടരുകയാണ്.

പി വി അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റിലെ സര്‍ക്കാരിന്‍റെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ച കേസിന്‍റെ പേരില്‍ പി വി അന്‍വറിനെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.

"പൊതുപ്രവര്‍ത്തകനും എംഎല്‍എയുമാണ് അദ്ദേഹം. പിടികിട്ടാപ്പുള്ളിയല്ല. അറസ്റ്റിനു പൊലീസ് അമിത വ്യഗ്രത കാണിച്ചു. സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോള്‍ അന്ന് കേസെടുക്കാന്‍ മടിച്ച പോലീസിന് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിലായിരുന്നു. അന്ന് പോലീസ് കാണിക്കാത്ത ആത്മാര്‍ത്ഥത അന്‍വറെ അറസ്റ്റ് ചെയ്യാന്‍ കാണിച്ചിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണം." കെ. സുധാകരന്‍ പറഞ്ഞു

പി വി അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റ് ഭരണകൂല ഭീതകരയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു എംഎല്‍എയെ രാത്രിയില്‍ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. സിപിഐഎമ്മിനെ എതിര്‍ക്കുന്നവരെ അറസ്റ്റ് ചെയ്യുക എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

"പി വി അന്‍വറിനോട് തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. സര്‍ക്കാരിനും അഭിപ്രായ വ്യത്യാസങ്ങള്‍ കാണും. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ എത്ര പേരെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അന്‍വര്‍ ഒരു എംഎല്‍എയല്ലേയെന്നും എവിടെയും ഒളിച്ചുപോകുന്ന സാഹചര്യമില്ലല്ലോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പോലീസ് നിയമപരമായി വേണം പ്രവര്‍ത്തിക്കാന്‍." ഇവിടെ പൊലീസിൻ്റെ നടപടി കിരാതമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം പി വി അൻവർ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. എം എൽ എക്ക് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

നിലമ്പൂരില്‍ കാട്ടനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവാവായ മണി മരിച്ചതുമായി ബന്ധപ്പെട്ടാണ് അന്‍വറിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസിൽ പ്രതിഷേധം നടത്തിയിരുന്നത്. ഇതിനിടയിലായിരുന്നു പ്രവർത്തകർ ഓഫീസ് ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പി വി അന്‍വറിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഭാരതീയ ന്യായ സംഹിതയിലെ 121 (ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പിക്കുക-ജാമ്യമില്ലാക്കുറ്റം), 132 (ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക- ജാമ്യമില്ലാക്കുറ്റം), 189 (2) (അന്യായമായി സംഘം ചേരല്‍-ജാമ്യം ലഭിക്കാവുന്ന കുറ്റം), 190 (പൊതു ഉദ്ദേശത്തിനായി സംഘം ചേരുക), 191 (2) (കലാപം-ജാമ്യം ലഭിക്കാവുന്ന കുറ്റം), 329(3) (അതിക്രമിച്ച് കടക്കുക- ജാമ്യം ലഭിക്കാവുന്ന കുറ്റം), 332 (സി) (കുറ്റകൃത്യത്തിനായി അതിക്രമിച്ച് കടക്കുക-ജാമ്യം ലഭിക്കാവുന്ന കുറ്റം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി നിയമത്തിന്റെ 3 (1) വകുപ്പ് അനുസരിച്ച് ജാമ്യമില്ലാക്കുറ്റവും അന്‍വറിനെതിരെ ചുമത്തിയിരുന്നു. അന്‍വറിന് പുറമേ പത്ത് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരുന്നു.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നാണ് പിവി അൻവറിൻ്റെ വാദം. മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും അറിവോടും നിര്‍ദേശത്തോടെയുമാണ് തീരുമാനം. പി ശശിയും അജിത് കുമാറും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൊലീസ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post