പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, നാല് സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം തടവ്

(www.kl14onlinenews.com)
(03-jan-2025)

പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, നാല് സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം തടവ്
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാവിധി എറണാകുളം സിബിഐ കോടതി പ്രസ്താവിച്ചു. 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. 1 മുതൽ 8 വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം . 14, 20,21, 22 പ്രതികൾക്ക് 5 വർഷം തടവ്. മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്കാണ് 5 വർഷം തടവ്. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്.
എ. പീതാംബരന്‍ (സിപിഎം മുൻ പെരിയ എൽസി അംഗം), സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു),എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) ഇവരാണ് ഒന്നുമുതൽ ഏട്ടുവരെയുള്ള പ്രതികൾ

ടി. രഞ്ജിത്ത് (അപ്പു) (10), എ. സുരേന്ദ്രന്‍ (വിഷ്ണു സുര) (15) എന്നിവരാണ് ഇരട്ട ജീവപര്യന്തം ലഭിച്ച മറ്റ് പ്രതികൾ.

14, 20,21, 22 പ്രതികളായ കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ കുഞ്ഞിരാമന്‍) (മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരൻ എന്നിവർക്ക് 5 വർഷം ശിക്ഷയാണ് വിധിച്ചത്.

ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നും കേസ് അപൂർവങ്ങളിൽ അപൂർവമല്ല എന്നും പ്രതിഭാഗം വാദിച്ചിരുന്നു

കേസിൽ പ്രതികളായ 24 പേരും സിപിഎമ്മുകാരാണ്. 10 പ്രതികളെ വെറുതെവിട്ടിരുന്നു. ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾ കൃത്യത്തിൽ നേരിട്ട് പ​ങ്കെടുത്തുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങൾ തെളിഞ്ഞു. 9,11,12,13,16,18,17,19, 23,24 പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.

ഇടതു മുന്നണിയുടെ രണ്ട് സംസ്ഥാന ജാഥകൾ മഞ്ചേശ്വരത്തുനിന്നും പാറശ്ശാലയിൽനിന്നും തുടങ്ങിയ ദിവസമായ 2019 ഫെബ്രുവരി 17നാണ് കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസുകാർ കൊല്ലപ്പെട്ടത്. കൊലയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീടങ്ങോട്ട് പ്രതികളുടെ കുടുംബങ്ങളെ സന്ദർശിക്കുകയും കേസ് നടത്തിപ്പിനാവശ്യമായ ഫണ്ട് വിദേശത്തുനിന്ന് സമാഹരിക്കുകയും ചെയ്തു. പ്രതികളെ സംരക്ഷിക്കാൻ സർക്കാർ നേരിട്ട് ഇടപെടുകയും സിബിഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയിൽവരെ വാദിക്കുകയും ചെയ്തു.

കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ് പി പ്രദീപ്കുമാർ സമർപ്പിച്ച കുറ്റപത്രം ഹൈകോടതി തള്ളിയശേഷമാണ് കേസ് സിബിഐക്ക് കൈമാറുന്നത്. 2023 ഫെബ്രുവരി രണ്ടാം തീയതിയാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 294 സാക്ഷികളിൽ 154 സാക്ഷികളെയാണ് സിബിഐ കോടതി വിസ്തരിച്ചത്. ആയുധങ്ങൾ ഉൾപ്പെടെ 83 തൊണ്ടിമുതലുകളും ഹാജരാക്കി. കേസിനാധാരമായ 495 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി


നേതാക്കൾ ഉൾപ്പെടെ എട്ടുപ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. മറ്റുള്ളവർ ഇതുവരെയും ഒരിക്കൽപ്പോലും ജയിലിൽനിന്ന്‌ പുറത്തുവന്നിട്ടില്ല. ഹൊസ്ദുർഗ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചുവെങ്കിലും തുടർനടപടി തുടങ്ങുംമുൻപേ ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടു. രണ്ടുവർഷത്തോളം നടന്ന വിചാരണയാണ് സിബിഐ കോടതിയിൽ നടന്നത്

Post a Comment

Previous Post Next Post