(www.kl14onlinenews.com)
(05-Dec-2024)
എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിൻ്റെ ഡിപ്പോയില്‍ ഉണ്ടായത് വന്‍ ചോര്‍ച്ച; 700 ലിറ്റർ ഡീസൽ പുറത്തേക്കൊഴുകി
കോഴിക്കോട് എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിൻ്റെ ഡിപ്പോയില്‍ ഉണ്ടായത് വന്‍ ചോര്‍ച്ച. കോര്‍പറേഷന്‍ നിര്‍മിച്ച ഓടയിലൂടെ ഡീസല്‍ ഒഴുകി തോട്ടിലും കടലിലും എത്തിയിരുന്നു. സംഭരണകേന്ദ്രത്തിലെ ഇന്ധനച്ചോര്‍ച്ച പരിഹരിക്കപ്പെട്ടതായി കമ്പനി അറിയിച്ചു.
നിരവധി ആളുകള്‍ കുപ്പികളിലൊക്കെയായി ഡീസല്‍ മുക്കിയെടുത്തെങ്കിലും വലിയ അളവില്‍ ഡീസല്‍ എത്തിയതോടെ ആളുകള്‍ പരിഭ്രാന്തരായി. ഡെപ്യൂട്ടി കളക്ടര്‍ അനിത കുമാരിയും എച്ച് പി സി എല്‍ മാനേജര്‍ അടക്കമുള്ളവരും സ്ഥലത്തെത്തി. സംഭവം വാര്‍ത്തയായതോടെ അടിയന്തര നടപടിക്ക് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി എ കെ ശശീന്ദ്രന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഓവര്‍ഫ്ലോ നിരീക്ഷണ സംവിധാനം പരാജയപ്പെട്ടതാണ് ചോര്‍ച്ചയ്ക്ക് കാരണമായതെന്ന് എച്ച്പിസിഎല്‍ റീജ്യണല്‍ മാനേജര്‍ എം.ജെ. മുനീര്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദുരന്തനിവാരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവരുടെ സംയുക്തപരിശോധന ഇന്ന് നടക്കും. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രശ്‌നം പൂര്‍ണമായും പരിഹരിക്കുമെന്നും ഡെപ്യൂട്ടി കളക്ടര്‍ അനിതകുമാരി പറഞ്ഞു
ദേശീയ പാതയ്ക്കും റെയിൽപാളത്തിനും സമീപത്തുള്ള സംഭരണകേന്ദ്രത്തിലെ ഡീസല്‍ സമീപത്തെ ഓവുചാലിലൂടെ ഒഴുകിയെത്തിയത്. 600 മുതല്‍ എഴുന്നൂറ് ലിറ്റര്‍വരെ ഇന്ധനം ചോര്‍ന്നുവെന്നാണ് വിവരം. ഇന്നലെ രാത്രിയോടുകൂടി പത്തോളം ഡ്രമ്മുകളില്‍ ഇന്ധനം ശേഖരിച്ച് മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.
ഡിപ്പോയില്‍നിന്ന് ഡീസല്‍ ചോര്‍ന്ന് റോഡരികിലെ ഓവുചാലിലൂടെ ഒഴുകുന്നുവെന്ന് വ്യക്തമായതോടെ പോലീസിലും അഗ്‌നിശമനസേനാ വിഭാഗത്തിലും നാട്ടുകാരാണ് വിവരം അറിയിച്ചത്. തുടര്‍ന്ന് ജനങ്ങള്‍ സ്ഥലത്ത് പ്രതിഷേധവുമായി എത്തിയിരുന്നു. മുമ്പും ഇത്തരത്തില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഡീസല്‍ പുഴയിലേക്കും കടലിലേക്കും ഒഴുകിയെത്തിയിട്ടുണ്ടെന്നും താമസിയാതെ കിണറുകള്‍ മലിനമാകുമെന്നുമുള്ള ആശങ്ക നാട്ടുകാര്‍ക്കുണ്ടായിരുന്നു.
ഡിപ്പോയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ രണ്ടായിരത്തിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. ലിറ്റർകണക്കിന് ഡീസലിലേക്ക് തീ പടർന്നിരുന്നെങ്കിൽ വലിയ ദുരന്തമുണ്ടാകുമായിരുന്നു.
ആരോഗ്യ വകുപ്പിന് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ പ്ലാന്‍റ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുനീര്‍ എന്‍ കെ പറഞ്ഞു
Post a Comment