ഉറക്കം വന്നാൽ വണ്ടി നിർത്തിയിട്ട് ഉറങ്ങണം; അപകടങ്ങള്‍ വര്‍ധിച്ചുവരുന്നത് പരിശോധിക്കും: കെ ബി ഗണേഷ് കുമാർ

(www.kl14onlinenews.com)
(15-Dec-2024)

ഉറക്കം വന്നാൽ വണ്ടി നിർത്തിയിട്ട് ഉറങ്ങണം; അപകടങ്ങള്‍ വര്‍ധിച്ചുവരുന്നത് പരിശോധിക്കും: കെ ബി ഗണേഷ് കുമാർ

പത്തനംതിട്ടയിൽ നവദമ്പതിമാർ ഉൾപ്പെടെ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. വാഹനാപകടത്തിന് കാരണം കാറിന്‍റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നും മന്ത്രി പറഞ്ഞു.

കാറിന്‍റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെയും പോലീസിന്‍റെയും പ്രാഥമിക നിഗമനമെന്നും സംഭവം വളരെ ദുഃഖകരമാണെന്നും സംഭവ സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.വാഹനം ഓടിക്കുന്നതിനിടെ ഉറക്കംവന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണമെന്ന ഡ്രൈവിംഗ് സംസ്‌കാരം നമുക്കുണ്ടാകണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

"ഇവിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയെന്നാണ് മനസിലാക്കുന്നത്. ആ റൂട്ടില്‍ പ്രത്യേകം ശ്രദ്ധിക്കണം. ശബരിമല സീസണാണ്. ആയിരക്കണക്കിന് വണ്ടികളാണ് അതിലൂടെ കടന്നുപോകുന്നത്. അവരവര്‍ സൂക്ഷിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉറക്കംവന്നാല്‍ ഉറങ്ങുകയെന്ന ഡ്രൈവിങ് സംസ്‌കാരം നമുക്കുണ്ടാകണം.ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കുക, ചായ കുടിക്കുകയോ വണ്ടിയില്‍നിന്നിറങ്ങി അല്പം നടക്കുകയോ ചെയ്യാം. അതിനുശേഷം വണ്ടിയോടിക്കുക." മന്ത്രി പറഞ്ഞു.


വീടിന് അടുത്തെത്തിയപ്പോഴാണ് ഇത് സംഭവിക്കുന്നത്. സ്വാഭാവികമായും അദ്ദേഹത്തിന് ഉറക്കം വന്നുകാണും. ഇനി കുറച്ചുദൂരമല്ലേയുള്ളൂ, ഏഴുകിലോമീറ്ററല്ലേയുള്ളൂ, വീട്ടിലെത്തിയിട്ട് ഉറങ്ങാമെന്ന് അദ്ദേഹം കരുതിക്കാണും. അതായിരിക്കാം അപകടത്തിന്റെ കാരണം. കാറിൻ്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്നാണ് എം.വി.ഡി.യുടെയും പോലീസിന്റെയും വിലയിരുത്തല്‍. വളരെ ദുഃഖകരമായിപ്പോയി. എല്ലാവരും ശ്രദ്ധിക്കണം.

പാലക്കാട് നടന്ന അപകടം കുട്ടികളുടെ കുറ്റമല്ലെന്നും അതല്ലാതെ സംഭവിക്കുന്ന അപകടങ്ങളില്‍ പലതും നമ്മുടെ അശ്രദ്ധകൊണ്ട് സംഭവിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

അടുത്തകാലത്ത് കേരളത്തില്‍ അപകടങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ട്. ഇക്കാര്യം പഠിക്കുകയും പരിശോധിക്കുകയും ചെയ്ത്, മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പോലീസിനെകൂടി ഉള്‍പ്പെടുത്തി ഒരു 'ഡ്രൈവ്' സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. അമിതവേഗത്തില്‍ എത്തിയ കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം.അനുവിൻ്റെ പിതാവ് ബിജു പി. ജോര്‍ജും നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായിയുമായിരുന്നു കാറിൻ്റെ മുന്‍സീറ്റില്‍ ഉണ്ടായിരുന്നത്. പിന്‍ സിറ്റിലായിരുന്നു നിഖിലും അനുവും. ഇടിയുടെ ആഘാതത്തിൽ മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു. അനുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബസില്‍ ഉണ്ടായിരുന്ന അയ്യപ്പന്മാര്‍ക്കും നിസാര പരിക്കുണ്ട്. തെലങ്കാനയില്‍ നിന്നുള്ള ശബരിബല തീര്‍ത്ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള യാത്രയിലായിരുന്നു

Post a Comment

Previous Post Next Post